ഗവർണർക്ക് തിരിച്ചടി; താത്ക്കാലിക വിസി നിയമനം തെറ്റെന്ന് ഹൈക്കോടതി
Monday, May 19, 2025 11:49 AM IST
കൊച്ചി: കേരള സാങ്കേതിക, ഡിജിറ്റല്‍ സര്‍വകലാശാലകളിലെ താല്‍ക്കാലിക വിസി നിയമനത്തിൽ ഗവർണർക്ക് തിരിച്ചടി. താത്ക്കാലിക നിയമനങ്ങളിൽ സർക്കാർ നൽകുന്ന ലിസ്റ്റിൽനിന്ന് മാത്രമേ നിയമനങ്ങൾ നടത്താൻ പാടുള്ളൂ എന്ന് ഹൈക്കോടതി വ്യക്തമാക്കി.
വിസി നിയമന കാലാവധി ചൊവ്വാഴ്ച തീരുന്നതിനാൽ നിയമനത്തിൽ തത്ക്കാലം ഇടപെടുന്നില്ലെന്നും കോടതി പറഞ്ഞു. താല്‍ക്കാലിക വിസിമാരെ നിയമിച്ച ചാന്‍സിലറുടെ നടപടി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സർക്കാർ നൽകിയ ഹരജിയിലാണ് ഹൈക്കോടതി സിംഗിൾബെഞ്ചിന്റെ ഉത്തരവ്.
2024 നവംബറിലാണ് അന്നത്തെ ഗവര്‍ണറായിരുന്ന ആരിഫ് മുഹമ്മദ് ഖാന് സാങ്കേതിക സര്‍വകലാശാലയിലേക്ക് ഡോ. കെ. ശിവപ്രസാദിനെയും ഡിജിറ്റല്‍ സര്‍വകലാശാലയിലേക്ക് ഡോ. സിസ തോമസിനെയും വിസി ആയി നിയമിച്ചത്. സര്‍ക്കാര്‍ നല്കിയ പാനലിന് പുറത്തുനിന്നായിരുന്നു ചാന്‍സലറുടെ താല്‍ക്കാലിക വിസി നിയമനം.
ഇത് ചോദ്യം ചെയ്താണ് സർക്കാർ കോടതിയെ സമീപിച്ചത്. ഇത് സര്‍വകലാശാല നിയമങ്ങളുടെ ലംഘനമാണ് എന്നാണ് സര്‍ക്കാർ കോടതിയിൽ ചൂണ്ടിക്കാട്ടിയത്.