മൂന്നു വയസുകാരിയുടെ മരണം; അന്വേഷണം വേണമെന്ന് അമ്മയുടെ ബന്ധു
Tuesday, May 20, 2025 3:58 AM IST
കൊച്ചി: തിരുവാങ്കുളത്തു നിന്നും കാണാതായ മൂന്നുവയസുകാരി കല്യാണിയുടെ മരണത്തിൽ അന്വേഷണം വേണമെന്ന് അമ്മയുടെ ബന്ധു ആവശ്യപ്പെട്ടു. യുവതിയും ഭര്‍ത്താവും തമ്മില്‍ പ്രശ്നങ്ങളുണ്ടായിരുന്നെന്നും തിങ്കളാഴ്ച പോലീസ് ജീപ്പിലിരുന്നും കുഞ്ഞിനെ കൊലപ്പെടുത്തുന്ന അവസ്ഥയിലേക്ക് തന്നെ എത്തിച്ചുവെന്നാണ് യുവതി പറഞ്ഞതെന്നും ബന്ധു പറഞ്ഞു. കുട്ടിയുടെ മൃതദേഹം ലഭിച്ചതിനു പിന്നാലെയായിരുന്നു അമ്മയുടെ ബന്ധുവിന്റെ പ്രതികരണം
ഭര്‍ത്താവിന്റെ വീട്ടുകാര്‍ യുവതിയോട് മോശമായാണ് പെരുമാറിയിരുന്നത്. കയ്യേറ്റ ശ്രമം വരെയുണ്ടായിട്ടുണ്ട്. യുവതി കുഞ്ഞിനെയും കൊണ്ട് അടുത്തിടെ ഒരാഴ്ച്ചയോളം വീട്ടില്‍ വന്ന് താമസിച്ചിരുന്നു. അവിടെ പ്രശ്നങ്ങളുണ്ടെന്ന് പറയുന്നുണ്ടായിരുന്നു. പോലീസില്‍ പരാതി നല്‍കിയിട്ടില്ല. യുവതിയുടെ മാതാവും ഭര്‍തൃകുടുംബത്തില്‍ നിന്ന് നല്ല അനുഭവമല്ല ഉണ്ടായതെന്ന് പറഞ്ഞിരുന്നു. സംഭവത്തില്‍ അന്വേഷണം വേണം'-എന്നാണ് ബന്ധു പറഞ്ഞത്.
ഇന്ന് പുലർച്ചെ രണ്ടരയോടെയാണ് മൂന്നു വയസുകാരിയുടെ മൃതദേഹം കണ്ടെത്തിയത്. മൂഴിക്കുളം പാലത്തിനടുത്ത് പുഴയിൽ നടത്തിയ തെരച്ചിലിലാണ് കുട്ടിയുടെ ജീവനറ്റ ശരീരം കണ്ടെത്തിയത്.
കുട്ടിയുടെ ശരീരം പുഴയ്ക്ക് അടിയിലെ തടിയിൽ കുടുങ്ങിയ നിലയിലായിരുന്നു. പാലത്തിൽ നിന്നും എറിഞ്ഞ അതേ സ്ഥലത്ത് നിന്ന് തന്നെയാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. കല്യാണിയുടെ മൃതദേഹം അങ്കമാലി താലൂക്ക് ആശുപത്രി മോർച്ചറിയിലേയ്ക്ക് മാറ്റിയിട്ടുണ്ട്. പോലീസ് കസ്റ്റഡിയിലുള്ള അമ്മയുടെ പേരിൽ ചെങ്ങമനാട് പൊലീസ് കൊലക്കുറ്റം ചുമത്തിയിട്ടുണ്ട്.