ഇംഗ്ലണ്ട് പര്യടനം: ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു; ഗിൽ നായകൻ
Saturday, May 24, 2025 1:47 PM IST
മുംബൈ: ജൂണിൽ തുടങ്ങുന്ന ഇംഗ്ലണ്ട് പര്യടനത്തിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യപിച്ചു. ശുഭ്മാൻ ഗില്ലാണ് നായകൻ. റിഷഭ് പന്തിനെ വൈസ് ക്യാപ്റ്റനായും തെരഞ്ഞടുത്തു. മലയാളിയായ കരുൺ നായർ ടീമിൽ തിരിച്ചെത്തി.
മുംബൈയിലെ ബിസിസിഐ ആസ്ഥാനത്ത് ഉച്ചയ്ക്ക് ഒരുമണിക്ക് ചേര്‍ന്ന സെലക്ഷൻ കമ്മിറ്റി യോഗത്തിനുശേഷം ചീഫ് സെലക്ടര്‍ അജിത് അഗാര്‍ക്കറാണ് ടീം പ്രഖ്യാപിച്ചത്. രോഹിത് ശർമയും വിരാട് കോലിയും ടെസ്റ്റ് ക്രിക്കറ്റിൽ നിന്ന് വിരമിച്ചതിന് ശേഷം ഇന്ത്യയുടെ ആദ്യ ടെസ്റ്റ് പരമ്പരയാണിത്.
രോഹിത്തിന്റെ അഭാവത്തിൽ ടീമിനെ നയിച്ച് പരിചയമുള്ള ജസ്പ്രീത് ബുമ്രയും കെ.എൽ. രാഹുലും ടീമിൽ ഉണ്ടെങ്കിലും ഭാവി ലക്ഷ്യമിട്ടാണ് യുവതാരമായ ഗില്ലിന് ചുമതല നൽകുന്നതെന്ന് അജിത് അഗാർക്കർ പറഞ്ഞു.
ആരോഗ്യ കാരണങ്ങളാൽ എല്ലാ മത്സരങ്ങളിലും കളിക്കുമെന്ന് ഉറപ്പില്ലാത്തതിനാൽ ക്യാപ്റ്റൻ സ്ഥാനത്തേക്ക് തന്നെ പരിഗണിക്കേണ്ടെന്ന് ബുമ്ര സെലക്ടർമാരെ അറിയിച്ചിരുന്നുവെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ജൂൺ 20മുതൽ ലീഡ്സിലാണ് ആദ്യ ടെസ്റ്റ്.
ഇംഗ്ലണ്ട് പര്യടനത്തിനുള്ള ഇന്ത്യ ടീം: ശുഭ്മാൻ ഗിൽ (ക്യാപ്റ്റൻ), റിഷഭ് പന്ത് (വൈസ് ക്യാപ്റ്റൻ), യശസ്വി ജയ്സ്വാൾ, കെ.എൽ. രാഹുൽ , സായ് സുദർശൻ, അഭിമന്യു ഈശ്വരൻ, കരുൺ നായർ, നിതീഷ് കുമാർ റെഡ്ഡി, രവീന്ദ്ര ജഡേജ, ധ്രുവ് ജൂറൽ (വിക്കറ്റ് കീപ്പർ), വാഷിംഗ്ടൺ സുന്ദർ, ഷർദൂൽ താക്കൂർ, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്, പ്രസിദ് കൃഷ്ണ, ആകാശ് ദീപ്, അർഷ്ദീപ് സിംഗ്, കുൽദീപ് യാദവ്.