നിലമ്പൂർ യുഡിഎഫിന് നിർണായകം; ജോയിയോ ഷൗക്കത്തോ മത്സരിക്കും
വെബ് ഡെസ്ക്
Sunday, May 25, 2025 1:43 PM IST
കോട്ടയം: മൂന്നാം പിണറായി സർക്കാരിന്റെ വരവിനെ പ്രതിരോധിക്കാൻ കച്ചകെട്ടിയിറങ്ങിയിരിക്കുന്ന യുഡിഎഫിന് നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ വിജയം അനിവാര്യം. ഇക്കാര്യം വ്യക്തമായി അറിയാവുന്ന കെപിസിസി നേതൃത്വത്തിന് തർക്കങ്ങളില്ലാതെ സ്ഥാനാർഥിയെ പ്രഖ്യാപിക്കുക എന്നതാണ് പ്രഥമ കടമ്പ.
ഇതിനായുള്ള പ്രാഥമിക ചർച്ചകളെല്ലാം കോൺഗ്രസ് നേതൃത്വം പൂർത്തിയാക്കിയിരുന്നു. വി.എസ്.ജോയ്, ആര്യാടൻ ഷൗക്കത്ത് എന്നീ രണ്ട് പേരുകളിലേക്ക് യുഡിഎഫ് ചർച്ചകൾ ചുരുങ്ങിയെന്ന് വ്യക്തമാണ്. എന്നാൽ ഇവരിൽ ആര് എന്ന ആലോചന കോൺഗ്രസിൽ അന്തിമമായിട്ടില്ല.
ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചാൽ 24 മണിക്കൂറിനകം സ്ഥാനാർഥിയെ പ്രഖ്യാപിക്കുമെന്ന് നേരത്തെ പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ പ്രഖ്യാപിച്ചിരുന്നു. അടുത്തിടെ നടന്ന ഉപതെരഞ്ഞെടുപ്പുകളിലെല്ലാം കോൺഗ്രസ് ഈ രീതിയിൽ സ്ഥാനാർഥികളെ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. ഇത് നിലമ്പൂരിലും ആവർത്തിക്കപ്പെടുമോ എന്നതാണ് രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്നത്.
രണ്ടിലധികം പേരുകൾ നിലമ്പൂരിൽ പരിഗണിക്കപ്പെടുന്നുണ്ടെന്ന് ചില കോൺഗ്രസ് നേതാക്കൾ പറയുന്നുണ്ടെങ്കിലും ജോയ് അല്ലെങ്കിൽ ഷൗക്കത്ത് എന്നകാര്യം ഉറപ്പാണ്. യുഡിഎഫ് ആരെ നിർത്തിയാലും നിരുപാധിക പിന്തുണ നൽകുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും ജോയിക്കൊപ്പമാണ് പി.വി.അൻവർ. മണ്ഡലത്തിലെ സ്ഥാനാർഥി നിർണയത്തിൽ അൻവറിന്റെ നിലപാട് കൂടി കോൺഗ്രസ് പരിഗണിക്കും.
വരാനിരിക്കുന്ന പഞ്ചായത്ത്, നിയമസഭാ തെരഞ്ഞെടുപ്പുകളുടെ കർട്ടൻ റൈസറാണ് നിലമ്പൂർ ഉപതെരഞ്ഞെടുപ്പ്. അൻവർ കൂടി ചേർന്നിട്ടും വിജയിക്കാൻ കഴിയാതെ വന്നാൽ സംസ്ഥാന കോൺഗ്രസിന്റെ ഭാവി തന്നെ ചോദ്യം ചെയ്യപ്പെടും. ഇത്രകാലം കോൺഗ്രസിനൊപ്പം നിന്ന മുസ്ലിം ലീഗും കൂടുതൽ കടുത്ത നിലപാടിലേക്ക് നീങ്ങിയേക്കാം.
ഈ രാഷ്ട്രീയ സാഹചര്യങ്ങളെല്ലാം മുന്നിൽ കണ്ടാണ് കെപിസിസി നേതൃത്വം നിലമ്പൂരിൽ പോരിനിറങ്ങുന്നത്. നിലമ്പൂരിൽ മിന്നും വിജയം നേടിയാൽ പ്രതിപക്ഷ നേതാവ് യുഡിഎഫിലും കോൺഗ്രസിലും കൂടുതൽ ശക്തനായ അധികാര കേന്ദ്രമാകും. പുതിയ കെപിസിസി നേതൃത്വത്തിനും നിലമ്പൂർ പരീക്ഷണ കളരിയാണ്.