ഐബി ഉദ്യോഗസ്ഥയുടെ മരണം; പ്രതി സുകാന്തിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി
Monday, May 26, 2025 10:59 AM IST
കൊച്ചി: ഐബി ഉദ്യോഗസ്ഥ ജീവനൊടുക്കിയ സംഭവത്തില്‍ പ്രതി സുകാന്തിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. ജസ്റ്റീസ് ബെച്ചു കുര്യന് തോമസിന്റെ ബെഞ്ചാണ് കേസ് പരിഗണിച്ചത്.
മരിച്ച യുവതിയെ പ്രതി ശാരീരികവും മാനസികവും സാമ്പത്തികവുമായി ചൂഷണം ചെയ്തുവെന്നതിന് തെളിവുണ്ടെന്ന് കോടതി നിരീക്ഷിച്ചു. പ്രതിക്ക് ഇരയുടെ മേൽ വ്യക്തമായ സ്വാധീനമുണ്ടെന്ന് വ്യക്തമാക്കിയാണ് കോടതി ജാമ്യാപേക്ഷ തള്ളിയത്.
ഇവരുടെ ശമ്പളം 2024 ഒക്ടോബര്‍ മുതല്‍ സുകാന്തിന്റെ അക്കൗണ്ടിലേക്ക് ട്രാന്‍ഫര്‍ ചെയ്തിരുന്നു. യുവതിയെ ആത്മഹത്യയ്ക്ക് പ്രേരിപ്പിച്ചതിന് തെളിവായി വാട്സാപ്പ് ചാറ്റുകളുണ്ടെന്നും കോടതി വ്യക്തമാക്കി.
പല സ്ത്രീകളുമായും സുകാന്തിന് ഒരേ സമയം ബന്ധമുണ്ടായിരുന്നു. നിലവില്‍ പുറത്തുവന്നത് മഞ്ഞുമലയുടെ ഒരറ്റം മാത്രമാണെന്നും കോടതി പറഞ്ഞു
അതേസമയം സുകാന്തും പെണ്‍കുട്ടിയുമായുള്ള വാട്സാപ്പ് ചാറ്റുകള്‍ അടക്കം ചോര്‍ന്നതില്‍ കോടതി അതൃപ്തി രേഖപ്പെടുത്തി. പോലീസില്നിന്നാകാം ഇത് ചോര്‍ന്നതെന്നും സംഭവത്തില്‍ അന്വേഷണം വേണമെന്നും കോടതി വ്യക്തമാക്കി.