അൻവറിന്റെ വിലപേശൽ ഏറ്റില്ല; ആര്യാടൻ ഷൗക്കത്ത് സ്ഥാനാർഥിയാകും
Monday, May 26, 2025 4:41 PM IST
മലപ്പുറം: നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ ആര്യാടൻ ഷൗക്കത്ത് യുഡിഎഫ് സ്ഥാനാർഥിയാകും. ഇതു സംബന്ധിച്ചുള്ള പ്രഖ്യാപനം കോൺഗ്രസ് ഹൈക്കമാൻഡ് ഉടൻ നടത്തും. ആര്യാടൻ ഷൗക്കത്ത് എന്ന ഒറ്റപേര് ഹൈക്കമാൻഡിന് കൈമാറാനാണ് കെപിസിസിയുടെ നീക്കം.
അൻവറിന്റെ വിലപേശലിന് വഴങ്ങേണ്ടെന്നു കോൺഗ്രസ് തീരുമാനിക്കുകയായിരുന്നു. ഡിസിസി പ്രസിഡന്റ് വി.എസ്.ജോയിയുമായി കോൺഗ്രസ് നേതൃത്വം ചർച്ച നടത്തി തീരുമാനം അറിയിച്ചെന്നാണ് സൂചന. പാർട്ടി സ്ഥാനാർഥിക്ക് പൂർണപിന്തുണ നൽകുമെന്ന് ജോയി ഉറപ്പ് നൽകി.
വി.എസ്.ജോയിക്ക് ഇനിയും മത്സരിക്കാൻ അവസരമുണ്ടെന്ന കാര്യം കോൺഗ്രസ് നേതൃത്വം പരിഗണിച്ചു. മികച്ച ഡിസിസി അധ്യക്ഷനായ ജോയിയെ തെരഞ്ഞെടുപ്പ് ഏകോപനം നടത്തട്ടെയെന്ന ആവശ്യവും പാർട്ടിയിൽ ശക്തമാണ്.
മണ്ഡലത്തിലെ ചില സമവാക്യങ്ങൾ ഷൗക്കത്തിന് ആനുകൂലമാണെന്നാണ് കെപിസിസിയുടെ വിലയിരുത്തൽ. 2016ലെ തെരഞ്ഞെടുപ്പിൽ ആര്യാടൻ ഷൗക്കത്ത് നിലമ്പൂരിൽ മത്സരിച്ചിരുന്നവെങ്കിലും പി.വി.അൻവറിനോട് പരാജയപ്പെട്ടിരുന്നു.
എൽഡിഎഫ് സ്വതന്ത്രനായി മത്സരിച്ച അൻവർ 11504 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് അന്ന് വിജയിച്ചത്.