നിലമ്പൂർ ഉപതെരഞ്ഞെടുപ്പ്; ആര്യാടൻ ഷൗക്കത്ത് യുഡിഎഫ് സ്ഥാനാർഥി
Monday, May 26, 2025 6:36 PM IST
ന്യൂഡൽഹി: നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ ആര്യാടൻ ഷൗക്കത്ത് യുഡിഎഫ് സ്ഥാനാർഥിയായി മത്സരിക്കും. കോൺഗ്രസ് ഹൈക്കമാൻഡ് ഇതു സംബന്ധിച്ച പ്രഖ്യാപനം നടത്തി. ആര്യാടൻ ഷൗക്കത്ത് എന്ന ഒറ്റപേര് മാത്രമാണ് കെപിസിസി നേതൃത്വം ഹൈക്കമാൻഡിന് നൽകിയത്.
മണ്ഡലത്തിലെ ചില സമവാക്യങ്ങൾ ഷൗക്കത്തിന് ആനുകൂലമാണെന്നാണ് കെപിസിസിയുടെ വിലയിരുത്തൽ. ആര്യാടൻ ഷൗക്കത്തിന്റെ സ്ഥാനാർഥിത്വത്തിനെതിരെ പി.വി.അൻവർ രംഗത്ത് വന്നിരുന്നെങ്കിലും അതൊന്നും പരിഗണിക്കാതെയാണ് കെപിസിസി നേതൃത്വത്തിന്റെ തീരുമാനത്തിന് ഹൈക്കമാൻഡ് പച്ചക്കൊടി കാണിച്ചിരിക്കുന്നത്.
ഡിസിസി പ്രസിഡന്റ് വി.എസ്.ജോയിയെ സ്ഥാനാർഥിയാക്കണമെന്നായിരുന്നു അൻവർ ആവശ്യപ്പെട്ടിരുന്നത്. കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫും പ്രതിപക്ഷനേതാവ് വി.ഡി.സതീശനും കൂടിയാലോചനകൾ നടത്തിയതിന് ശേഷമാണ് അൻവറിന് വഴങ്ങേണ്ടെന്ന് തീരുമാനിച്ചത്.
2016ലെ തെരഞ്ഞെടുപ്പിൽ ആര്യാടൻ ഷൗക്കത്ത് നിലമ്പൂരിൽ മത്സരിച്ചിരുന്നുവെങ്കിലും പി.വി.അൻവറിനോട് പരാജയപ്പെട്ടിരുന്നു. എൽഡിഎഫ് സ്വതന്ത്രനായി മത്സരിച്ച അൻവർ 11504 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് അന്ന് വിജയിച്ചത്.