യുവാവിനെ വെട്ടിക്കൊന്നു; മംഗളൂരുവിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു
Tuesday, May 27, 2025 11:44 PM IST
മംഗളൂരു: പിക്കപ്പ് വാൻ ഡ്രൈവറായ യുവാവിനെ അക്രമി സംഘം വെട്ടിക്കൊന്നു. ബൻത്വാളിലെ ഇറകോടി എന്ന സ്ഥലത്ത് ചൊവ്വാഴ്ച വൈകുന്നേരമുണ്ടായ സംഭവത്തിൽ കൊലത്തമജലു സ്വദേശി അബ്ദുൾ റഹീം (42) ആണ് മരിച്ചത്.
സൗത്ത് കാനറ സുന്നി ഫെഡറേഷനിൽ സജീവാംഗമായിരുന്നു മരിച്ച അബ്ദുൾ റഹീം. പിക്കപ്പ് ഡ്രൈവർ ആയിരുന്ന റഹീമിനോട് ലോഡുമായി എത്താൻ ഒരാൾ ആവശ്യപ്പെട്ടിരുന്നു. ഇവിടെ എത്തിയ റഹീമിനെയും കൂടെയുണ്ടായിരുന്ന കലന്തർ ഷാഫിയെയും ഒരു സംഘം ആളുകൾ ആക്രമിക്കുകയായിരുന്നു.
ആക്രമണത്തിൽ കൂടെയുണ്ടായിരുന്ന ഷാഫിക്ക് ഗുരുതരമായി പരിക്കേറ്റു. അതേസമയം കൊലപാതകത്തിന് പിന്നിൽ തീവ്രഹിന്ദു സംഘടനകളാണെന്ന് ആരോപണം ഉയരുന്നുണ്ട്. റഹീമിന്റെ മൃതദേഹം സൂക്ഷിച്ച സ്വകാര്യആശുപത്രിക്ക് മുന്നിൽ സംഘർഷാവസ്ഥ നിലനിൽക്കുകയാണ്.
സംഭവത്തിന്റെ പശ്ചാത്തലത്തിൽ മംഗളൂരു നഗരത്തിലും ദക്ഷിണ കന്നഡ ജില്ലയിലും നിരോധനാജ്ഞ പ്രഖ്യാപിച്ചു. കൂട്ടം കൂടുന്നതിനും പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കുന്നതിനും വിലക്കേർപ്പെടുത്തി. നഗരത്തിൽ കൂടുതൽ പോലീസിനെയും വിന്യസിച്ചിട്ടുണ്ട്.
ഒരു മാസത്തിനിടയിൽ മൂന്നാമത്തെ കൊലപാതകമാണ് മംഗളൂരുവിൽ നടക്കുന്നത്. മുൻ ബജ്രംഗ് ദൾ നേതാവുമായിരുന്ന സുഹാസ് ഷെട്ടിയുടെ കൊലപാതകത്തിന് പിന്നാലെയാണ് ഈ കൊലപാതകം ഉണ്ടായിരിക്കുന്നത്.