ലക്നോവിനെ കീഴടക്കി; ബംഗളൂരുവിന് ജയം
Wednesday, May 28, 2025 12:10 AM IST
ലക്നോ: ഐപിഎല്ലില്‍ ലക്നോ സൂപ്പര്‍ ജയന്റ്സ് ഉയർത്തിയ കൂറ്റൻ സ്കോർ മറികടന്ന് ബംഗളൂരു റോയല്‍ ചലഞ്ചേഴ്സിന് തകർപ്പൻ ജയം. ലക്നോ ഉയർത്തിയ 228 റൺസ് വിജയലക്ഷ്യം 18.4 ഓവറിൽ നാലുവിക്കറ്റ് നഷ്ടത്തിൽ ആർസിബി മറികടന്നു.
സ്കോർ: ലക്നോ 227/3 ബംഗളൂരു 230/4 (18.4). ജിതേശ് ശര്‍മ (33 പന്തില്‍ പുറത്താവാതെ 85), വിരാട് കോഹ്ലി (30 പന്തില്‍ 54), മായങ്ക് അഗര്‍വാള്‍ (21 പന്തില്‍ 41) എന്നിവരാണ് ആര്‍സിബിയുടെ ജയം അനായാസമാക്കിയത്. ഇതോടെ പോയിന്റ് പട്ടികയില്‍ രണ്ടാം സ്ഥാനത്തേക്ക് കയറാന്‍ ആര്‍സിബിക്കായി.
അവസാന 12 പന്തിൽ ഏഴു റണ്‍സ് മാത്രമായിരുന്നു ബംഗളൂരുവിനു ജയിക്കാൻ വേണ്ടിയിരുന്നത്. എട്ടു പന്തുകൾ ബാക്കി നിൽക്കെ വിജയ റൺസ് കുറിച്ച് ബംഗളൂരു ഒന്നാം ക്വാളിഫയർ ഉറപ്പാക്കി. പോയിന്റ് പട്ടികയിലെ ഒന്നാം സ്ഥാനക്കാരായ പഞ്ചാബ് കിംഗ്സാണ് ക്വാളിഫയറില്‍ ആര്‍സിബിയുടെ എതിരാളി.
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ലക്നോ ക്യാപ്റ്റന്‍ റിഷഭ് പന്തിന്റെ (118) സെഞ്ചുറി കരുത്തിലാണ് മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 227 റണ്‍സ് അടിച്ചെടുത്തത്. 37 പന്തില്‍ 67 റണ്‍സെടുത്ത മിച്ചല്‍ മാര്‍ഷ് മികച്ച പ്രകടനം നടത്തി. ജിതേശ് ശര്‍മയെ കളിയിലെ താരമായി തെരഞ്ഞെടുത്തു.