തോൽക്കുന്നവർക്ക് മടങ്ങാം! എലിമിനേറ്ററിൽ ഇന്ന് ജീവന്മരണ പോരാട്ടം
Friday, May 30, 2025 9:03 AM IST
മുള്ളൻപുർ (പഞ്ചാബ്): ഇന്ത്യൻ പ്രീമിയർ ലീഗ് (ഐപിഎൽ) സീസണ് എലിമിനേറ്റിൽ ഇന്നു ജീവന്മരണ പോരാട്ടം.
വിജയികൾക്ക് ഫൈനൽ ടിക്കറ്റിന് ഒരു അവസരവും പരാജയപ്പെടുന്നവർക്ക് മടക്ക ടിക്കറ്റും. സീസണിൽ കുതിച്ചു തുടങ്ങി ഒടുവിൽ കിതച്ച ഗുജറാത്ത് ടൈറ്റൻസും പതിവു ശൈലിയിൽ കിതച്ചു തുടങ്ങി ഒടുവിൽ കുതിച്ച് കയറിയ മുംബൈ ഇന്ത്യൻസും തമ്മിലാണ് മത്സരം. രാത്രി 7.30ന് മുള്ളൻപുരിലാണ് ഈ സൂപ്പർ പോരാട്ടം.
ചുമരിൽ ഭാരം
ശുഭ്മാൻ ഗിൽ- സായ് സുദർശൻ സഖ്യം നൽകുന്ന മികച്ച തുടക്കമാണ് ഗുജറാത്തിന്റെ ബാറ്റിംഗ് കരുത്ത്. ഇരുവരും ഓറഞ്ച് ക്യാപ് പോരാട്ടത്തിലും മുന്നിലാണ്. മൂന്നാം നന്പരിൽ ബാറ്റർ ജോസ് ബട്ലറും ബൗളിംഗിൽ കഗിസോ റബാദയും ഇല്ലാത്തത് തിരിച്ചടിയാണ്.
23 വിക്കറ്റുമായി മിന്നും ഫോമിലുള്ള പ്രസിദ്ധ് കൃഷ്ണിലാണ് ബൗളിംഗ് പ്രതീക്ഷ. മുഹമ്മദ് സിറാജ്, സായ് കിഷോർ തുടങ്ങിയവരും നിർണായക പങ്ക് വഹിക്കും.
കുതിച്ച് കയറും
ഓപ്പണിംഗ് സഖ്യം തകർന്നാലും സ്കോർ പടുത്തുയർത്താൻ കെൽപ്പുള്ളവരാണ് മുംബൈ ഇന്ത്യൻസ്. മധ്യനിരയിൽ സൂര്യകുമാർ യാദവ് മികച്ച ഫോമിലാണ്. ഓപ്പണർ രോഹിത് ശർമ ഫോമിലായാൽ എതിരാളികൾ വിയർക്കും. റയാൻ റിക്കൽട്ടണും വിൽ ജാക്സും കളത്തിലിറങ്ങാത്തത് മുംബൈ നിരയുടെ കെട്ടുറപ്പിനെ ബാധിക്കും.
19 വിക്കറ്റുമായി സീസണിൽ മിന്നലാക്രമണം നടത്തുന്ന ട്രെന്റ് ബോൾട്ടും ഏത് വന്പനെയും വീഴ്ത്തുന്ന ജസ്പ്രീത് ബുംറയും ചേർന്ന് പേസാക്രമണം നയിക്കും.
ടൈറ്റാണ് മുംബൈക്ക്!
അതേസമയം, ഈ സീസണിലെ രണ്ടു മത്സരമടക്കം ആകെ ഏഴ് പ്രാവശ്യം നേർക്കുനേർ പോരാട്ടത്തിൽ അഞ്ചിലും ജയിച്ച ഗുജറാത്ത് കണക്കുകളിൽ മുന്നിലാണ്. മുംബൈക്ക് രണ്ടു ജയമാണ് നേടാനായത്.