‘പിണറായിസത്തിനെതിരായ ലക്ഷ്യം മാറരുത്': പി.വി. അന്‍വറിനോട് സംസാരിച്ചത് വെളിപ്പെടുത്തി രാഹുല്‍
Sunday, June 1, 2025 10:36 AM IST
മലപ്പുറം: പി.വി. അന്‍വറെ അർധരാത്രിയില്‍ സന്ദർശിച്ചതിൽ വിശദീകരണവുമായി രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎൽഎ.
പിണറായിസത്തിനെതിരായ ലക്ഷ്യം മാറരുതെന്നും വൈകാരിക തീരുമാനങ്ങളെടുക്കരുതെന്നും പറയാനാണ് അൻവറിനെ കാണാൻ പോയത്.
അന്‍വറുമായി കൂടിക്കാഴ്ച നടത്തിയത് യുഡിഎഫ് നേതാക്കളുടെ അനുമതിയോടെ ആയിരുന്നില്ലെന്നും അത് ഒരു അനുനയ ചര്‍ച്ചയല്ലെന്നും അദ്ദേഹം പറഞ്ഞു.
പരസ്പരം സംസാരിച്ച എല്ലാ കാര്യങ്ങളെല്ലാം മാധ്യമങ്ങളോട് പറയാൻ പറ്റില്ല. മുന്നണിയിലെടുക്കുന്നത് സംബന്ധിച്ചോ അന്‍വറിന്റെ ഉപാധികളെക്കുറിച്ചോ ചര്‍ച്ച ചെയ്തില്ലെന്നും രാഹുല്‍ മാധ്യമങ്ങളോട് പറഞ്ഞു.
ശനിയാഴ്ച രാത്രിയാണ് രാഹുൽ അന്‍വറിന്റെ ഒതായിയിലെ വീട്ടിൽ എത്തിയത്. സിപിഎമ്മിനെ തോൽപ്പിക്കാനുള്ള അവസരം നഷ്ടപെടുത്തരുതെന്ന് രാഹുൽ അന്‍വറിനോട് പറഞ്ഞു. പിണറായിസത്തെ തോല്പിക്കാൻ ഒന്നിച്ചു നിൽക്കണമെന്നും രാഹുൽ ആവശ്യപ്പെട്ടു.