ശസ്ത്രക്രിയയ്ക്ക് അനസ്തേഷ്യ നല്‍കിയതിന് പിന്നാലെ ഹൃദയാഘാതം; ചാലക്കുടിയില്‍ രോഗി മരിച്ചു
Friday, June 13, 2025 1:53 PM IST
തൃശൂര്‍: ചാലക്കുടി താലൂക്ക് ആശുപത്രിയിൽ ശസ്ത്രക്രിയക്കായി അനസ്തേഷ്യ നൽകിയ രോഗി ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. കോടശേരി വൈലത്ര വാവൽത്താൻ സിദ്ധാർഥന്റെ മകൻ സിനീഷ്(34) ആണ് മരിച്ചത്.
ഇന്ന് രാവിലെയാണ് സംഭവം. ഹെർണിയ ഓപ്പറേഷന് വേണ്ടിയാണ് സിനീഷിന് അനസ്തേഷ്യ നൽകിയത്. അനസ്തേഷ്യ അലർജിയായതിനെ തുടർന്ന് ഹൃദയാഘാതം ഉണ്ടായതോടെ ഇയാളെ സെന്റ് ജെയിൻ ആശുപത്രിയിലേക്ക് മാറ്റി. ഇവിടെ അത്യാഹിത വിഭാഗത്തിൽ ചികിത്സ തുടരുന്നതിനിടെ വീണ്ടും ഹൃദയാഘാതം ഉണ്ടായതോടെ മരണം സംഭവിക്കുകയായിരുന്നു.
രാവിലെ 10-നാണ് ഇയാളെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചത് 10: 55 നാണ് മരണം സ്ഥിരീകരിച്ചത്. സംഭവത്തിൽ നിയമനടപടികളുമായി മുന്നോട്ട് പോകുമെന്ന് ബന്ധുക്കൾ അറിയിച്ചു. പൗർണമിയാണ് സിനീഷിന്റെ ഭാര്യ. ഏഴ് വയസുകാരി അനശ്വരയും മൂന്ന് വയസുകാരി ആകർഷയുമാണ് മക്കൾ.