ഓട്ടോറിക്ഷയും ബൈക്കും കൂട്ടിയിടിച്ച് അപകടം; ഒരുവയസുകാരന് മരിച്ചു
Monday, June 16, 2025 10:07 AM IST
തിരുവനന്തപുരം: ബൈക്ക് ഇടിച്ചുകയറി ഓട്ടോറിക്ഷ മറിഞ്ഞുണ്ടായ അപകടത്തിൽ ഒരുവയസുകാരന് മരിച്ചു. വിതുര ജുമാമസ്ജിദിന് സമീപം ഷിജാദ് മന്‍സിലില്‍ ഷിജാദ്, നൗഷിമ ദമ്പതിമാരുടെ മകന് ആബിദ് മിന്ഹാന് ആണ് മരിച്ചത്.
അപകടത്തില്‍ നൗഷിമയുടെ കാലിനും തോളിനും പരിക്കേറ്റിട്ടുണ്ട്. ഇവരെ നെടുമങ്ങാട് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
നെടുമങ്ങാട്-പൊന്മുടി റോഡില്‍ മല്ലമ്പ്രക്കോണത്തുവച്ചായിരുന്നു അപകടം. വിതുരയില്‍ നിന്നും ഷിജാദും ഭാര്യയും മൂന്നു മക്കളുമായി ഓട്ടോയില്‍ നെടുമങ്ങാട് ഭാഗത്തേയ്ക്ക് വരികയായിരുന്നു. നെടുമങ്ങാട് നിന്നു വിതുര ഭാഗത്തേക്കു പോവുകയായിരുന്ന മെഡിക്കല്‍ കോളജിലെ ഹൗസ് സര്‍ജനും പിജി വിദ്യാര്‍ഥിയും സഞ്ചരിച്ചിരുന്ന ബുള്ളറ്റ് മറ്റൊരു വാഹനത്തെ ഓവര്‍ടേക്ക് ചെയ്യുന്നതിനിടെ ഓട്ടോയില്‍ ഇടിച്ച് അപകടം ഉണ്ടായത്.
ഇടിയുടെ ആഘാതത്തിൽ അമ്മയുടെ കൈയിലിരുന്ന കുട്ടി റോഡിലേക്ക് തെറിച്ചു വീഴുകയായിരുന്നു. ഉടൻ തന്നെ ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.