ജാഗ്രതയാണ് ജനാധിപത്യത്തിന്റെ മൂല്യം: ഗവർണർ ആർലേക്കർ
Wednesday, June 25, 2025 12:41 AM IST
തിരുവനന്തപുരം: ജനങ്ങളുടെയും സമൂഹത്തിന്റെയും നിതാന്ത ജാഗ്രതയാണ് ജനാധിപത്യ മൂല്യങ്ങൾ നിലനിൽക്കാനും സംരക്ഷിക്കപ്പെടാനും സഹായിക്കുന്നതെന്ന് കേരള ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ പറഞ്ഞു.
അടിയന്തരാവസ്ഥക്കാലത്ത് ഉണ്ടായ അതിക്രമങ്ങളെ അടിസ്ഥാനമാക്കി ഗോവ ഗവർണർ പി.എസ്. ശ്രീധരൻ പിള്ള എഴുതിയ രണ്ടു പുസ്തകങ്ങളുടെ പ്രകാശനച്ചടങ്ങിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
അടിയന്തരാവസ്ഥയുടെ 21 മാസങ്ങൾ പൗരസ്വാതന്ത്ര്യത്തെ അടിച്ചമർത്തിയും ജനാധിപത്യ സ്ഥാപനങ്ങളെ തകർത്തുമാണ് മുന്നേറിയത്. അതിക്രമങ്ങളുടെയും ഭീഷണികളുടെയും ഒരു കാലഘട്ടമായിരുന്നു അത്. ജനാധിപത്യത്തിൽ ജനങ്ങൾക്കുള്ള വിശ്വാസം തന്നെയാണ് അടിയന്തരാവസ്ഥ അവസാനിപ്പിക്കപ്പെടാനുള്ള വഴി തുറന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
സംസാര സ്വാതന്ത്ര്യവും ആവിഷ്കാര സ്വാതന്ത്ര്യവും ജനാധിപത്യ സംസ്കാരത്തിൽ അവിഭാജ്യ ഘടകങ്ങളാണെന്നും അതു നമ്മുടെ ഭരണഘടന ഉറപ്പ് നൽകുന്നതുമാണെന്ന് ആന്ധ്രാപ്രദേശ് ഗവർണർ ജസ്റ്റീസ് സയ്യിദ് അബ്ദുൾ നസീർ അഭിപ്രായപ്പെട്ടു.