റോയുടെ തലപ്പത്ത് മുതിര്‍ന്ന ഐപിഎസ് ഉദ്യോഗസ്ഥൻ പരാഗ് ജെയിന്
Saturday, June 28, 2025 7:00 PM IST
ന്യൂഡല്‍ഹി: മുതിര്‍ന്ന ഐപിഎസ് ഉദ്യോഗസ്ഥൻ പരാഗ് ജെയിന് ഇന്ത്യയുടെ രഹസ്യാന്വേഷണ ഏജൻസിയായ റോയുടെ അടുത്ത മേധാവിയാകും. നിലവിലെ സെക്രട്ടറി രവി സിന്‍ഹയുടെ കാലാവധി ജൂണ്‍ 30ന് അവസാനിക്കുന്ന പശ്ചാത്തലത്തിലാണ് അടുത്ത മേധാവിയായി പരാഗിനെ കേന്ദ്രസര്‍ക്കാര്‍ നിയമിച്ചത്.
1989 ബാച്ച് പഞ്ചാബ് കേഡര്‍ ഐപിഎസ് ഉദ്യോഗസ്ഥനാണ് പരാഗ്. കേന്ദ്രസര്‍വീസില്‍ ഡെപ്യൂട്ടേഷനിലുള്ള പരാഗ് നിലവില്‍ ഏവിയേഷന്‍ റിസര്‍ച്ച് സെന്ററിന്റെ തലവനാണ്. റോ മേധാവിയായി ജൂലൈ ഒന്നിന് ചുമതലയേറ്റെടുക്കുന്ന പരാഗിന്റെ സേവന കാലയളവ് രണ്ടു വര്‍ഷമായിരിക്കും.
ഓപ്പറേഷന് സിന്ദൂര്‍ സൈനിക നടപടിയുടെ ഭാഗമായി പാക്കിസ്ഥാനി സൈന്യവുമായും ഭീകരകേന്ദ്രങ്ങളുമായും ബന്ധപ്പെട്ട രഹസ്യവിവരങ്ങള്‍ ശേഖരിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച വിഭാഗമായിരുന്നു പരാഗ് നയിച്ച ഏവിയേഷന്‍ റിസര്‍ച്ച് സെന്റർ.