സൂംബ നൃത്ത വിവാദം അനാവശ്യമെന്ന് കെഎസ്യു
Saturday, June 28, 2025 10:07 PM IST
തിരുവനന്തപുരം: ലഹരിക്കെതിരേയുള്ള സദുദ്ദേശപരമായ പ്രവർത്തനങ്ങളിൽ വിവാദം കാണേണ്ടതില്ലെന്ന് കെഎസ്യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യർ. ലഹരി വിരുദ്ധ പോരാട്ടത്തിൽ സർക്കാരിനു പൂർണ പിന്തുണ കാന്പസ് ജാഗരൻ യാത്ര നടത്തിയ ഘട്ടത്തിൽ നൽകിയിരുന്നുവെന്നും അലോഷ്യസ് പറഞ്ഞു.
സൂംബ ഡാൻസ് ഫിറ്റ്നസിംഗ് ഇന്നു ജനപ്രീതി നേടിയിട്ടുണ്ട്. സൂംബയിൽ അധാർമികമായി ഒന്നും കാണാൻ കഴിയില്ല. ഇത് സംബന്ധിച്ച വിവാദം അനാവശ്യമാണെന്നാണ് കെഎസ്യു നിലപാട്. സിന്തറ്റിക് ലഹരിയടക്കം യുവാക്കളിലും വിദ്യാർഥികളിലും പിടിമുറുക്കുന്പോൾ അതിനെതിരായി യോജിച്ച പോരാട്ടം അനിവാര്യമാണ്.
എന്നാൽ ലഹരിയും വിദ്യാർഥികൾക്ക് ഇടയിലെ മാനസിക സംഘർഷം സൃഷ്ടിക്കുന്ന സാമൂഹിക പ്രശ്നത്തിന് മുന്നിൽ സൂംബാ ഡാൻസും ഒന്നോ രണ്ടോ സിനിമാ താരങ്ങളിൽനിന്ന് പിടിച്ചെടുക്കുന്ന ലഹരിയോ മാത്രമാകരുത് പരിഹാരം. അതിന് ആഴത്തിലുള്ള പ്രതിവിധി ആവശ്യമാണെന്നും അലോഷ്യസ് സേവ്യർ പറഞ്ഞു.