ആംബുലൻസ് തടഞ്ഞ സംഭവം; ചാണ്ടി ഉമ്മനെതിരെ കേസ്
Thursday, July 3, 2025 11:04 PM IST
കോട്ടയം: മെഡിക്കൽ കോളജ് ആശുപത്രി കെട്ടിടം തകർന്നു വീണ് മരിച്ച ബിന്ദുവിന്റെ മൃതദേഹം കൊണ്ടുപോയ ആംബുലൻസ് തടഞ്ഞ സംഭവത്തിൽ ചാണ്ടി ഉമ്മൻ എംഎൽഎ ഉൾപ്പടെയുള്ളവർക്കെതിരെ പോലീസ് കേസെടുത്തു. പോസ്റ്റ്മോർട്ടത്തിനുശേഷം ബിന്ദുവിന്റെ മൃതദേഹം മോർച്ചറിയിലേക്ക് മാറ്റുന്നതിനിടെയാണ് പ്രതിഷേധം ഉണ്ടായത്.
ബിന്ദുവിന്റെ കുടുംബത്തിന് സർക്കാർ നഷ്ടപരിഹാരം നൽകണമെന്ന് ആവശ്യപ്പെട്ടായിരുന്നു എംഎൽഎയുടെ നേതൃത്വത്തിൽ പ്രതിഷേധിച്ചത്. സംഭവത്തിൽ 30 ഓളം പേർക്കെതിരെയാണ് കോട്ടയം ഗാന്ധിനഗർ പോലീസ് കേസെടുത്തത്. വ്യാഴാഴ്ച രാവിലെയാണ് മെഡിക്കൽ കോളജിലെ പത്ത്, പതിനൊന്ന്, പതിനാലാം വാർഡുകളടങ്ങിയ കെട്ടിടത്തിലെ ശുചിമുറിയുടെ ഭാഗം ഇടിഞ്ഞ് വീഴുന്നത്.
തുടർന്ന് സ്ഥലത്തെത്തിയ മന്ത്രിമാരായ വീണാ ജോർജും, വി.എൻ.വാസവനും അകത്ത് ആരും കുടുങ്ങിയിട്ടില്ലെന്ന് അറിയിക്കുകയായിരുന്നു. ഇതിനിടെ വാർഡിൽ ചികിത്സയിലായിരുന്ന ബിന്ദുവിന്റെ മകൾ തന്റെ അമ്മയെ കാണാനില്ലെന്ന് പരാതിപ്പെട്ടു. അപ്പോഴാണ് തെരച്ചിൽ തുടങ്ങിയത്.
തുടർന്ന് ബിന്ദുവിന്റെ മൃതദേഹം കണ്ടെത്തിയതോടെ വ്യാപക പ്രതിഷേധം ഉണ്ടായി. സ്ഥലത്തെത്തിയ മുഖ്യമന്ത്രി ഉൾപ്പടെയുള്ളവരെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ കരിങ്കൊടി കാണിച്ചു.