മദ്യപിച്ചെത്തി വഴക്കിട്ടു; ഭര്‍ത്താവിനെ ചപ്പാത്തിക്കോല് കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തി ഭാര്യ
Monday, July 7, 2025 12:51 AM IST
ബംഗളൂരു: ബംഗളൂരുവില്‍ മദ്യപിച്ചെത്തി വഴക്കിട്ടതിന് പിന്നാലെ ഭര്‍ത്താവിനെ ചപ്പാത്തികോല്‍ കൊണ്ട് അടിച്ച് കൊലപ്പെടുത്തിയ ഭാര്യ അറസ്റ്റില്‍.
ബെംഗളൂരു സുദ്ദഗുണ്ടെ പാളയ സ്വദേശി ഭാസ്കര്‍(42) ആണ് കൊല്ലപ്പെട്ടത്. ഭാര്യ(32) ശ്രുതി പോലീസിനോട് കുറ്റം സമ്മതിച്ചിട്ടുണ്ട്.
മദ്യപിച്ചെത്തിയ ഭര്‍ത്താവ് തന്നോട് വഴക്കിട്ടെന്നും തുടര്‍ന്ന് തടി കൊണ്ടുണ്ടാക്കിയ ചപ്പാത്തിക്കോല് ഉപയോഗിച്ച് തലയ്ക്കടിച്ച് കൊലപ്പെടുത്തിയെന്നുമാണ് യുവതി നല്കിയ മൊഴി. ഭാസ്കറിനെ കൊലപ്പെടുത്തിയ ശേഷം സ്വാഭാവിക മാരണമെന്ന് ചിത്രീകരിക്കാനും യുവതി ശ്രമം നടത്തിയിരുന്നു. തങ്ങള്‍ ഉറങ്ങുകയായിരുന്നുവെന്നും ഇതിനിടെ മരണം സംഭവിച്ചെന്നുമാണ് യുവതി ആദ്യം നല്കിയ മൊഴി.
എന്നാല്‍ ഭാസ്കറിന്റെ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ തലയ്ക്കേറ്റ മര്‍ദ്ദനമാണ് മരണകാരണമെന്ന് രേഖപ്പെടുത്തിയിരുന്നു. ഇതോടെയാണ് ശ്രുതി കുടുങ്ങിയത്.
ശ്രുതിയെ പോലീസ് വിശദമായി ചോദ്യം ചെയ്തതോടെ പ്രതി കുറ്റം സമ്മതിക്കുകയായിരുന്നു. ഭാസ്കറും ശ്രുതിയും 12 വര്‍ഷം മുന്‍പാണ് വിവാഹിതരായത്. ഇരുവര്‍ക്കും രണ്ട് കുട്ടികളുമുണ്ട്.