വിസി - രജിസ്ട്രാർ പോര് മുറുകുന്നു; സിസ തോമസ് റിപ്പോർട്ട് തേടി
Monday, July 7, 2025 5:55 AM IST
തിരുവനന്തപുരം: കേരള സർവകലാശാല രജിസ്ട്രാർ കെ.എസ്. അനിൽകുമാർ വീണ്ടും ചുമതലയേറ്റതിൽ വൈസ് ചാൻസലർക്ക് അതൃപ്തി. ജോയിന്റ് രജിസ്ട്രാരോട് വിസിയുടെ ചുമതലയുള്ള സിസ തോമസ് റിപ്പോർട്ട് തേടി.
തിങ്കളാഴ്ച രാവിലെ ഒമ്പതിനു മുൻപ് റിപ്പോർട്ട് നൽകാനാണ് നിർദേശം. രജിസ്ട്രാരെ സസ്പെൻഡ് ചെയ്ത വിസിയുടെ നടപടി ഞായറാഴ്ച ചേർന്ന പ്രത്യേക സിൻഡിക്കറ്റ് യോഗം റദ്ദ് ചെയ്തിരുന്നു. വിസിയുടെ ചുമതല വഹിക്കുന്ന സിസ തോമസിന്റെ വിയോജനക്കുറിപ്പ് മറികടന്നാണ് സിൻഡിക്കറ്റ് യോഗത്തിലെ തീരുമാനം.
രജിസ്ട്രാറെ നിയമിക്കുന്നതിനും നടപടികളെടുക്കുന്നതിനും സിൻഡിക്കറ്റിനാണ് ചുമതലയെന്നും വിസിയുടേത് ചട്ടങ്ങളും നടപടിക്രമങ്ങളും പാലിക്കാതെയുള്ള തീരുമാനമാണെന്നും ചൂണ്ടിക്കാട്ടിയാണ് സസ്പെൻഷൻ റദ്ദ് ചെയ്തത്.
രജിസ്ട്രാറുടെ സസ്പെൻഷൻ നടപടി നിലവിൽ ഹൈക്കോടതിയുടെ പരിഗണനയിലാണ്. കേസ് കോടതി ഇന്ന് പരിഗണിക്കും.