മെഡിക്കല്‍ കോളജ് ദുരന്തം; ബിന്ദുവിന്റെ കുടുംബത്തിന് പത്തുലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച് സർക്കാർ
Thursday, July 10, 2025 12:02 PM IST
കോട്ടയം: മെഡിക്കല്‍ കോളജില്‍ കെട്ടിടം തകര്‍ന്നുവീണുണ്ടായ അപകടത്തില്‍ മരിച്ച ബിന്ദുവിന്റെ കുടുംബത്തിന് സര്‍ക്കാര്‍ പത്തുലക്ഷം രൂപ ധനസഹായം നല്‍കും. ബിന്ദുവിന്റെ മകന് സര്‍ക്കാര്‍ ജോലി നല്‍കാനും മന്ത്രിസഭായോഗത്തില്‍ തീരുമാനമായി.
ഇത് സംബന്ധിച്ച ഉത്തരവ് ഉടന്‍ പുറത്തിറങ്ങും. ബിന്ദുവിന്റെ വീട് സന്ദര്‍ശിച്ച മന്ത്രി വീണാ ജോര്‍ജും വി.എന്‍.വാസവനും മകന് ജോലി അടക്കം നല്‍കുമെന്ന് കുടുംബത്തിന് ഉറപ്പ് നല്‍കിയിരുന്നു.
കഴിഞ്ഞ ജൂലൈ മൂന്നിനാണ് കോട്ടയം മെഡിക്കല്‍ കോളജ് കെട്ടിടത്തിന്റെ ഒരു ഭാഗം ഇടിഞ്ഞുവീണ് അപകടമുണ്ടായത്. രോഗിയായ മകള്‍ക്ക് കൂട്ടിരിക്കാനായി ആശുപത്രിയില്‍ എത്തിയ തലയോലപ്പറമ്പ് സ്വദേശിനി ബിന്ദു കെട്ടിടത്തിനടിയിൽപ്പെട്ട് മരിക്കുകയായിരുന്നു.
ജെസിബി എത്തിച്ച് നടത്തിയ പരിശോധനയിലാണ് കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന് ബിന്ദുവിന്റെ മൃതദേഹം കണ്ടെത്തിയത്.