കാട്ടാന ആക്രമണം; പരിക്കേറ്റ യുവാവിന് താലൂക്ക് ആശുപത്രിയിൽ ചികിത്സ നൽകിയില്ലെന്ന് പരാതി
Thursday, July 10, 2025 1:34 PM IST
വയനാട്: മൂടക്കൊല്ലിയിൽ കാട്ടാന ആക്രമണത്തിൽ പരിക്കേറ്റ യുവാവിന് സർക്കാർ ആശുപത്രിയിൽ നിന്ന് കൃത്യമായ ചികിത്സ കിട്ടിയില്ലെന്ന് പരാതി. കൈയിൽ തുളച്ചു കയറിയ കല്ല് ബത്തേരി താലൂക്ക് ആശുപത്രിയിൽ നിന്ന് നീക്കം ചെയ്തില്ലെന്നാണ് ആരോപണം.
ചൊവ്വാഴ്ച രാത്രിയാണ് കാട്ടാന ആക്രമണത്തിൽനിന്ന് ഓടി രക്ഷപ്പെടുന്നതിനിടെ മുടക്കൊല്ലി സ്വദേശിയായ അഭിലാഷിന് പരിക്കേറ്റത്. വീഴ്ചയിൽ അഭിലാഷിന്റെ കൈയ്ക്കും കാലിനും നടുവിനും പരിക്കേറ്റു.
ബത്തേരി താലൂക്ക് ആശുപത്രിയിൽ എത്തിയെങ്കിലും കൈയിൽ തുളച്ചുകയറിയ കല്ല് നീക്കം ചെയ്യാൻ ആശുപത്രി അധികൃതർ തയാറായില്ല. പിന്നീട് വേദന കൂടിയതിനാൽ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടേണ്ടി വന്നു. തുളച്ചു കയറിയ കല്ല് ഇവിടെവച്ച് നീക്കം ചെയ്തെന്നും അഭിലാഷ് പ്രതികരിച്ചു.