സർക്കാർ ചോദിച്ചത് ഭീമമായ തുക; നഷ്ടപരിഹാരം നല്‍കാനാവില്ല: കോടതിയിൽ കൈകഴുകി കപ്പൽ കമ്പനി
Thursday, July 10, 2025 3:02 PM IST
കൊച്ചി: കേരള തീരത്ത് കപ്പൽ മുങ്ങിയ സംഭവത്തിൽ നഷ്ടപരിഹാരമായി സംസ്ഥാന സർക്കാർ ആവശ്യപ്പെട്ട തുക നല്‍കാനാവില്ലെന്ന് കപ്പൽ കമ്പനിയായ മെഡിറ്ററേനിയൻ ഷിപ്പിംഗ് കമ്പനി (എംഎസ്സി). സർക്കാർ വിവിധ വിഭാഗങ്ങളിലായി നഷ്ടപരിഹാരമായി ആവശ്യപ്പെട്ടിരിക്കുന്നത് വൻ തുകയാണെന്നും കമ്പനി ഹൈക്കോടതിയിൽ അറിയിച്ചു.
ഇന്ധനം ചോർന്നിട്ടില്ലാത്തതിനാൽ സമുദ്ര ആവാസ വ്യവസ്ഥയ്ക്കു പ്രശ്നമൊന്നും സംഭവിച്ചിട്ടില്ലെന്നും പ്ലാസ്റ്റിക് പെല്ലെറ്റുകൾ കരയ്ക്കടിഞ്ഞത് പരിസ്ഥിതി പ്രശ്നം മാത്രമാണെന്നും കമ്പനി വാദിച്ചു. കപ്പലിന്റെ ഉടമസ്ഥർ തങ്ങളല്ലെന്ന വാദവും കമ്പനി മുന്നോട്ടു വച്ചിട്ടുണ്ട്.
എന്നാൽ കപ്പൽ മുങ്ങി എന്നതിലും പരിസ്ഥിതി മലിനീകരണമുണ്ടായി എന്നതിലും തർക്കമില്ലെന്നു കോടതി ചൂണ്ടിക്കാട്ടി. എത്ര അളവിൽ പരിസ്ഥിതി മലിനീകരമുണ്ടായി എന്നതാണു തർക്കം. എത്ര രൂപ നഷ്ടപരിഹാരമായി നൽകാമെന്ന കമ്പനിയുടെ അഭിപ്രായം അറിയിക്കാനും ജസ്റ്റീസ് എം.എ. അബ്ദുൾ ഹക്കീം നിർദേശിച്ചു.