ഓപ്പറേഷന് സിന്ദൂറില്‍ ഇന്ത്യയ്ക്ക് ഒന്നും നഷ്ടപെട്ടില്ല; തെളിവ് പുറത്തുവിടാൻ വിദേശമാധ്യമങ്ങളെ വെല്ലുവിളിച്ച് അജിത് ഡോവല്‍
Friday, July 11, 2025 2:31 PM IST
ചെന്നൈ: പഹൽഗാം ഭീകരാക്രമണത്തിന് തിരിച്ചടിയായി ഇന്ത്യ നടത്തിയ ഓപ്പറേഷന് സിന്ദൂറില്‍ ഇന്ത്യയ്ക്ക് ഒന്നും നഷ്ടപെട്ടില്ലെന്ന് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍. പാക്കിസ്ഥാന്റെ 13 വ്യോമതാവളങ്ങള്‍ തകര്‍ത്തു. ഒമ്പത് ഭീകരകേന്ദ്രങ്ങള്‍ നശിപ്പിച്ചെന്ന് അദ്ദേഹം പറഞ്ഞു.
മദ്രാസ് ഐഐടിയിലെ വിദ്യാഥികളെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. അത്യാധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെ വിജയകരമായാണ് ഓപ്പറേഷൻ സിന്ദൂര്‍ നടപ്പാക്കിയത്.
ഇന്ത്യയ്ക്ക് ഒരുപിഴവുപോലും സംഭവിച്ചിട്ടില്ല. ഇന്ത്യ ഉദ്ദേശിച്ച ഒരു ലക്ഷ്യം പോലും ആക്രമണത്തില്‍ നിന്ന് ഒഴിവായില്ല.
ഇന്ത്യയ്ക്ക് നഷ്ടമുണ്ടായെന്ന വിദേശ മാധ്യമങ്ങളിലെ റിപ്പോര്‍ട്ടുകള്‍ അദ്ദേഹം തള്ളി. ഇന്ത്യയ്ക്ക് എന്തെങ്കിലും നാശനഷ്ടമുണ്ടായതിന്റെ ഒരു ഉപഗ്രഹ ചിത്രമെങ്കിലും ഹാജരാക്കാനും ഡോവല്‍ വിദേശമാധ്യമങ്ങളെ വെല്ലുവിളിച്ചു. പാക്കിസ്ഥാന്റെ ആക്രമണത്തിൽ ഏതെങ്കിലും ജനൽ ചില്ല് തകര്‍ന്നതിന്റെ ചിത്രമെങ്കിലും കാണിച്ചു തരാനാകുമോയെന്ന് അദ്ദേഹം ചോദിച്ചു.