സഹപ്രവർത്തകയെ കയറിപ്പിടിച്ചു: എൽഐസി അസിസ്റ്റന്റ് മാനേജർക്ക് എതിരെ കേസ്
സ്വന്തം ലേഖകൻ
Sunday, January 29, 2023 1:31 PM IST
നെടുമങ്ങാട്: സ്ത്രീത്വത്തെ അപമാനിച്ചെന്ന സഹപ്രവർത്തകയുടെ പരാതിയിൽ എൽഐസി നെടുമങ്ങാട് അസിസ്റ്റന്റ് ബ്രാഞ്ച് മാനേജർ സാജു ജോസി (58) ന് എതിരെ പോലീസ് കേസെടുത്തു. യുവതി മുഖ്യമന്ത്രിക്ക് നൽകിയ പരാതിയെ തുടർന്നാണ് നെടുമങ്ങാട് പോലീസ് ജീവനക്കാരിയുടെ മൊഴി രേഖപ്പെടുത്തി കേസ് രജിസ്റ്റർ ചെയ്തത്.
ദേഹത്ത് അനാവശ്യമായി സ്പർശിക്കുകയും സ്ത്രീത്വത്തെ അപമാനിക്കുകയും ചെയ്തെന്ന് ചൂണ്ടിക്കാട്ടി സഹപ്രവർത്തക എൽഐസി പരാതി സെല്ലിൽ പരാതി നൽകിയിരുന്നെങ്കിലും നടപടിയെടുത്തിരുന്നില്ല. തുടർന്നാണ് ഇവർ മുഖ്യമന്ത്രിയെ സമീപിച്ചത്.
342, 354, 354(എ) എന്നീ വകുപ്പുകൾ പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. കഴിഞ്ഞ ഒക്ടോബർ 21ന് രാത്രി 730നാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. ജീവനക്കാരി പുനെയ്ക്ക് പോകുന്നതിനു വേണ്ടി സാജു ജോസിന്റെ ഔദ്യോഗിക വാഹനത്തിൽ കയറി പോകുമ്പോൾ കാറിൽവച്ച് ദേഹത്ത് സ്പർശിച്ചു എന്നാണ് പരാതിയിൽ പറയുന്നത്. സാജു ജോസ് ഇപ്പോൾ ഒളിവിലാണ്.