ഞങ്ങൾ സജ്ജം: സിപിഐ സ്ഥാനാർഥികളെ പ്രഖ്യാപിച്ചു
Monday, February 26, 2024 4:48 PM IST
തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള സിപിഐ സ്ഥാനാർഥികളെ ഔദ്യോഗികമായി പാർട്ടി സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പ്രഖ്യാപിച്ചു.
തിരുവനന്തപുരത്ത് പന്ന്യന്‍ രവീന്ദ്രനും വയനാട്ടില്‍ ആനിരാജയും തൃശൂരില്‍ വി.എസ്.സുനില്‍കുമാറും സ്ഥാനാര്‍ഥികളാകും. മാവേലിക്കരയില്‍ കൃഷിമന്ത്രി പി.പ്രസാദിന്റെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിയും യുവനേതാവുമായ സി.എ.അരുണ്‍കുമാര്‍ മത്സരിക്കും.
തെരഞ്ഞെടുപ്പിൽ എൽഡിഎഫിന് അനുകൂലമായ സാഹചര്യമാണുള്ളതെന്നും കഴിഞ്ഞദിവസം വന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് ഫലം സൂചിപ്പിക്കുന്നത് ഇതാണെന്നും അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുപ്പ് എപ്പോൾ നടത്തിയാലും എൽഡിഎഫ് സജ്ജമാണെന്നും ബിനോയ് വിശ്വം പറഞ്ഞു.
രാഹുൽ ഗാന്ധിക്ക് ഇന്ത്യയിൽ എവിടെയും മത്സരിക്കാനുള്ള സ്വാതന്ത്ര്യമുണ്ടെന്നും വയനാട്ടിലും മത്സരിക്കാം. കമ്യൂണിസ്റ്റ് പാർട്ടിക്ക് രാഹുൽഗാന്ധിയോട് വിദ്വേഷമില്ല.വ്യക്തിപരമായി അദ്ദേഹത്തോട് സ്നേഹമാണ്. രാഹുൽ വയനാട്ടിൽ സ്ഥാനാർഥിയാകുകയാണെങ്കിൽ കോൺഗ്രസ് നേതൃത്വം ചില ചോദ്യങ്ങൾക്ക് ഉത്തരം പറയണം.
വടക്കേ ഇന്ത്യ ഉപേക്ഷിച്ച് ഇരുപത് സീറ്റുകൾ മാത്രമുള്ള കേരളത്തിൽ നിന്ന് രാഹുൽ മത്സരിക്കണമോയെന്ന് കോൺഗ്രസ് നേതൃത്വം മറുപടിപറയണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.