മഴക്കളി: രണ്ടാം ഏകദിനം ഉപേക്ഷിച്ചു
Sunday, November 27, 2022 3:12 PM IST
ഹാമിൽട്ടൺ: ന്യൂസിലൻഡ് - ഇന്ത്യ പരന്പരയിലെ രണ്ടാം ഏകദിനം മഴ മൂലം ഉപേക്ഷിച്ചു. മൂന്ന് മത്സര പരന്പരയിൽ 1 - 0 എന്ന നിലയിൽ കിവീസ് മുന്നിട്ട് നിൽക്കുന്നതിനാൽ നവംബർ 30-ന് ക്രൈസ്റ്റ്ചർച്ചിൽ നടക്കുന്ന മത്സരം ഇന്ത്യക്ക് നിർണായകമാണ്.
മഴ മൂലം 29 ഓവറാക്കി ചുരുക്കിയ മത്സരത്തിൽ ടോസ് നേടിയ ന്യൂസിലൻഡ് ഇന്ത്യയെ ബാറ്റിംഗിന് അയച്ചിരുന്നു. 12.5 ഓവറിൽ 89-1 എന്ന നിലയിൽ ഇന്ത്യ ബാറ്റ് ചെയ്യുന്ന വേളയിലാണ് മഴ വില്ലനായി എത്തിയത്.
നായകൻ ശിഖർ ധവാനെ(3) മാറ്റ് ഹെൻട്രി പുറത്താക്കിയെങ്കിലും ശുഭ്മാൻ ഗിൽ(45), സൂര്യകുമാർ യാദവ്(34) എന്നിവർ ടീമിനെ മികച്ച സ്കോറിലേക്ക് എത്തിക്കുമെന്ന് തോന്നിപ്പിച്ച വേളയിലാണ് മഴ മൂലം മത്സരം ഉപേക്ഷിക്കേണ്ടി വന്നത്.