ബ്രസീലിന് തിരിച്ചടി; ജീസസും ടെല്ലസും ലോകകപ്പിൽനിന്ന് പുറത്ത്
Saturday, December 3, 2022 9:50 PM IST
ദോഹ: ലോകകപ്പ് പ്രതീക്ഷകൾ ശക്തമാക്കി പ്രീക്വാർട്ടറിൽ കടന്ന ബ്രസീലിന് തിരിച്ചടി. മുന്നേറ്റനിരയിലെ കരുത്തനായ ഗബ്രിയേൽ ജീസസും ഫുൾബാക് അലക്സ് ടെല്ലസും ലോകകപ്പിൽനിന്ന് പുറത്തായി. സൂപ്പർ താരം നെയ്മർക്ക് പിന്നാലെയാണ് രണ്ട് താരങ്ങൾക്ക് കൂടി പരിക്കേറ്റിരിക്കുന്നത്.
ഇരുവർക്കും വലത് കാൽമുട്ടിനാണ് പരിക്ക്. ശനിയാഴ്ച രാവിലെ ഇവരെ എംആർഐ സ്കാനിംഗിന് വിധേയരാക്കിയിരുന്നു. ലോകകപ്പിൽ ഇരുവരും ഇനി കളിക്കുന്നത് അസാധ്യമാണെന്ന് ബ്രസീൽ ഫുട്ബോൾ അസോസിയേഷൻ (സിബിഎഫ്) പ്രസ്താവനയിൽ പറഞ്ഞു.
ഗ്രൂപ്പ് സിയിലെ കാമറൂണിനെതിരെ നടന്ന അവസാന മത്സരത്തിലാണ് ഇരുവർക്കും പരിക്കേറ്റത്. ബ്രസീൽ 1-0 ത്തിന് പരാജയപ്പെട്ട മത്സരത്തിൽ 54ാം മിനുട്ടിലാണ് ടെല്ലസ് തിരിച്ചുകയറിയത്. പത്തു മിനുട്ടിന് ശേഷം ജീസസും പിൻവാങ്ങി.
നിലവിൽ സൂപ്പർ താരം നെയ്മർ പരിക്കേറ്റ് പുറത്താണ്. സെർബിയക്കെതിരെ നടന്ന ആദ്യ മത്സരത്തിൽ കണങ്കാലിന് പരിക്കേറ്റാണ് താരം പുറത്തിരിക്കുന്നത്. ഫുൾബാക്കിൽ കളിക്കുന്ന അലക്സ് സാൻഡ്രോയും ഡാനിലോയും പരിക്കിന്റെ പിടിയിലാണ്. പ്രീക്വാർട്ടറിൽ തിങ്കളാഴ്ച ദക്ഷിണ കൊറിയക്കെതിരെയാണ് ബ്രസീലിന്റെ മത്സരം.