ഭക്ഷ്യവിഷബാധ: കൽപ്പറ്റയിലെ ഹോട്ടലിൽ പരിശോധന; പൂട്ടിച്ചു
Monday, May 29, 2023 2:14 PM IST
വയനാട്: ഭക്ഷ്യവിഷബാധയെ തുടർന്ന് കൽപ്പറ്റിയിലെ ഹോട്ടലിൽ ഭക്ഷ്യസുരക്ഷാ വിഭാഗത്തിന്റെ മിന്നൽ പരിശോധന. കൽപ്പറ്റ കെഎസ്ആർടിസി ബസ് സ്റ്റാൻഡിന് സമീപം പ്രവർത്തിക്കുന്ന മുസല്ല ഹോട്ടലിലാണ് പരിശോധന നടന്നത്.
വൃത്തിഹീനമായ സാഹചര്യത്തിൽ സൂക്ഷിച്ചിരുന്ന മാംസം ഉൾപ്പടെയുള്ള ഭക്ഷ്യവസ്തുക്കൾ പിടിച്ചെടുത്തു. ഹോട്ടൽ താത്കാലികമായി അടച്ചിടാൻ കൽപ്പറ്റ നഗരസഭ ആരോഗ്യവിഭാഗം നോട്ടീസ് നൽകി.
കഴിഞ്ഞ ദിവസം ഹോട്ടലിൽ നിന്നും അൽഫാം മന്തി കഴിഞ്ഞ ഒരു കുടുംബത്തിലെ ആറ് പേർ ഉൾപ്പടെയുള്ള 15 അംഗ സംഘത്തിന് ശാരീരിക ബുദ്ധിമുട്ടുകൾ ഉണ്ടായിരുന്നു. ഛർദ്ദിയും വയറിളക്കവും അനുഭവപ്പെട്ട സംഘം ചികിത്സ തേടി.
പിന്നാലെ ഹോട്ടലിനെതിരേ പരാതി ഉയർന്നതോടെയാണ് ആരോഗ്യവിഭാഗം അധികൃതർ പരിശോധനയ്ക്ക് എത്തിയത്.