ഡൽഹി സർവകലാശാല പരിസരത്ത് 144; വിദ്യാർഥികൾ കസ്റ്റഡിയിൽ
Friday, January 27, 2023 6:14 PM IST
ന്യൂഡൽഹി: ഗുജറാത്ത് കലാപത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പങ്കുണ്ടെന്ന് ആരോപിക്കുന്ന ഇന്ത്യ: ദ മോദി ക്വസ്റ്റ്യൻ എന്ന ബിബിസി ഡോക്യുമെന്ററി പ്രദർശിപ്പിക്കുന്നത് തടയാനായി ഡൽഹി സർവകലാശാല പരിസരത്ത് 144 പ്രഖ്യാപിച്ച് സർക്കാർ. നിയമവിരുദ്ധ കൂടിച്ചേരൽ ആരോപിച്ച് 24 വിദ്യാർഥികളെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി.
എൻഎസ്യുഐ യൂണിറ്റിന്റെ നേതൃത്വത്തിൽ സർവകലാശാല ആർട്സ് ബ്ലോക്കിന്റെ സമീപത്ത് ഡോക്യുമെന്ററി പ്രദർശനം നടത്താനിരിക്കെയാണ് അധികൃതർ മേഖലയിൽ 144 പ്രഖ്യാപിച്ചത്. ഡോക്യുമെന്ററി പ്രദർശനം ക്രമസമാധാനപ്രശ്നം സൃഷ്ടിക്കുമെന്ന് ചൂണ്ടിക്കാട്ടി അധികൃതർ പരിപാടിക്ക് അനുമതി നിഷേധിച്ചിരുന്നു.
അറസ്റ്റിൽ പ്രതിഷേധിച്ച് വിദ്യാർഥികൾ രംഗത്തെത്തിയതോടെ പ്രദേശം സംഘർഷഭരിതമായി. പോലീസും വിദ്യാർഥികളും തമ്മിൽ ചിലയിടങ്ങളിൽ ഏറ്റുമുട്ടലുണ്ടായി.