ലോക്സഭാ തെരഞ്ഞെടുപ്പിനില്ല; നിലപാട് ആവർത്തിച്ച് കെ.മുരളീധരൻ
Wednesday, October 4, 2023 5:22 PM IST
തിരുവനന്തപുരം: ലോക്സഭ തെരഞ്ഞെടുപ്പ് മത്സര രംഗത്തുനിന്ന് ഒഴിവാക്കണമെന്ന് ഹൈക്കമാൻഡിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് കോണ്ഗ്രസ് നേതാവ് കെ. മുരളീധരൻ എംപി. മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടിയായാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
ഹൈക്കമാൻഡ് തീരുമാനം എന്തായാലും അനുസരിക്കും. തന്റെ സേവനം ലോക്സഭയിലേക്ക് വേണമോ നിയമസഭയിലേക്ക് വേണമോയെന്ന് തീരുമാനിക്കേണ്ടത് പാർട്ടിയാണെന്നും അദ്ദേഹം പറഞ്ഞു.
സിറ്റിംഗ് എംപിമാർ വരുന്ന ലോക്സഭ തെരഞ്ഞെടുപ്പിൽ നിന്നു മാറിനിൽക്കേണ്ട ആവശ്യമില്ല. എല്ലാവരും മികച്ച പ്രകടനം കാഴ്ചവച്ചവരാണ്. വനിതാസംവരണ ബില്ല് നടപ്പിലായശേഷം 2029-ൽ നടക്കുന്ന തെരഞ്ഞടുപ്പിൽ കുടുതൽ പുതുമുഖങ്ങൾക്ക് അവസരം ലഭിക്കുമെന്നും മുരളീധരൻ വ്യക്തമാക്കി.
വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ കെപിസിസി അധ്യക്ഷൻ കെ. സുധാകരൻ മത്സരിക്കില്ല. പാർട്ടിയുടെ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് അദ്ദേഹം ചുക്കാൻ പിടിക്കണമെന്ന് പാർട്ടി തലത്തിൽ ധാരണയായിട്ടുണ്ട്.
മുൻപും മുരളീധരൻ ലോക്സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്ന് വ്യക്തമാക്കിയിരുന്നു. സിറ്റിംഗ് എംപിമാരെല്ലാം മത്സര രംഗത്തുണ്ടാകണമെന്നാണ് പാർട്ടി നിലപാട്. ഇതിനിടെയാണ് മുരളീധരൻ മത്സരിക്കാനില്ലെന്ന് ആവർത്തിച്ച് വ്യക്തമാക്കുന്നത്. വിഷയത്തിൽ പാർട്ടി നേതൃത്വം ഇതുവരെയും പ്രതികരിച്ചിട്ടില്ല.