കെ ഫോണിൽ ഉപയോഗിച്ചിരിക്കുന്നത് വില കുറഞ്ഞ ചൈനീസ് കേബിളുകൾ: വി.ഡി. സതീശൻ
സ്വന്തം ലേഖകൻ
Monday, June 5, 2023 5:22 PM IST
തിരുവനന്തപുരം: കെ ഫോണ്‍ പദ്ധതിയില്‍ ഗുരുതര ക്രമക്കേടെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. പിണറായി സർക്കാർ ജനത്തെ കൊള്ളയടിക്കുകയാണ്. നിബന്ധനകൾ ലംഘിച്ചാണ് കെ ഫോണിനായുള്ള കേബിൾ ഇടുന്നതെന്നും സതീശൻ ആരോപിച്ചു.
കെ ഫോണിനായി വില കുറഞ്ഞ ചൈനീസ് കേബിളുകളാണ് ഉപയോഗിച്ചിരിക്കുന്നത്. ഇതിന്റെ ഗുണ മേന്മയിൽ ഒരു ഉറപ്പുമില്ലെന്നും സതീശൻ പറഞ്ഞു.
കെ ഫോണിനായി എത്ര കണക്ഷൻ കൊടുത്തു എന്ന് സർക്കാർ ഇനിയും വ്യക്തമാക്കിയിട്ടില്ല. പതിനായിരം പേർക്ക് നല്കി എന്ന സർക്കാർ വാദം തെറ്റാണ്. ജില്ല തിരിച്ചു സർക്കാർ കണക്ക് പുറത്തു വിടണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.
മന്ത്രി പി.എ. മുഹമ്മദ് റിയാസിന്റെ പ്രതിച്ഛായ പരാമർശത്തിലും സതീശൻ വിമർശനം നടത്തി. മന്ത്രിമാർ മുഖ്യമന്ത്രിയെ പിന്തുണയ്ക്കണമെന്ന റിയാസിന്റെ പ്രസ്താവന ഭീഷണിയാണ്. മുഖ്യമന്ത്രിയുടെ കുടുംബത്തെ സംരക്ഷിക്കാനാണ് റിയാസ് ശ്രമിക്കുന്നതെന്നും സതീശൻ പറഞ്ഞു.