കൊലക്കേസ് പ്രതിയുടെ മരണം: ശരീരത്തിൽ ക്ഷതമേറ്റെന്ന് റിപ്പോർട്ട്
Thursday, December 1, 2022 12:34 PM IST
മലപ്പുറം: കാമുകനൊപ്പം ചേർന്ന് ഭർത്താവിനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയുടെ മരണത്തിൽ നിർണായക വിവരങ്ങൾ പുറത്ത്. തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ കൊണ്ടോട്ടി വലിയപറന്പിൽ സൗജത്തിന്റെ തലയ്ക്ക് ക്ഷതമേറ്റിരുന്നുവെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട് വ്യക്തമാക്കി.
സൗജത്തിന്റെ വലത് നെറ്റിക്ക് സമീപം ചതവേറ്റെന്നും ഇത് മൂലമുണ്ടായ ആന്തരിക രക്തസ്രാവമാണ് മരണകാരണമെന്നും റിപ്പോർട്ടിൽ രേഖപ്പെടുത്തിയിട്ടുണ്ട്. സൗജത്തിനെയും വിഷം കഴിച്ച് അവശനായ മുൻ കാമുകൻ ബഷീറിനെയും കണ്ടെത്തിയ മുറി അകത്ത് നിന്ന് പൂട്ടിയ നിലയിലായിരുന്നു. സൗജത്തിനെ കൊലപ്പെടുത്തിയ ശേഷം ബഷീർ ജീവനൊടുക്കാൻ ശ്രമിച്ചതാണെന്നാണ് പോലീസ് സംശയിക്കുന്നത്.
2018-ലാണ് ഇരുവരും ചേർന്ന് സൗജത്തിന്റെ ഭർത്താവായ സവാദിനെ തലയ്ക്കടിച്ചും കഴുത്ത് മുറിച്ചും കൊലപ്പെടുത്തിയത്. കൃത്യത്തിന് ശേഷം വിദേശത്തേക്ക് കടന്ന ബഷീറിനെ ഏറെ നാളുകൾക്ക് ശേഷമാണ് പോലീസ് കസ്റ്റഡിയിലെടുത്തത്.