കുട്ടിയെ വിട്ടയക്കണമെങ്കിൽ പണം നൽകണം; മോചനദ്രവ്യം ആവശ്യപ്പെട്ട് ഫോൺ കോൾ
Monday, November 27, 2023 8:03 PM IST
കൊല്ലം: ഓയൂരിൽ ആറു വയസുകാരിയെ തട്ടിക്കൊണ്ടുപോയതിന് പിന്നാലെ മോചനദ്രവ്യം ആവശ്യപ്പെട്ട് ഫോൺ കോൾ. അഞ്ച് ലക്ഷം രൂപ ആവശ്യപ്പെട്ട് കുട്ടിയുടെ അമ്മയുടെ ഫോണിലേക്കാണ് സംഘം വിളിച്ചത്.
അതേസമയം, കുട്ടിയെ കണ്ടെത്താൻ പോലീസ് അന്വേഷണം ശക്തമാക്കിയിട്ടുണ്ട്. എംസി റോഡിൽ കനത്ത പരിശോധനയാണ് നടക്കുന്നത്. എല്ലാ വാഹനങ്ങളും പോലീസ് പരിശോധിക്കുന്നുണ്ട്. സൈബർ സെല്ലും അന്വേഷണം ദ്രുതഗതിയിലാക്കിയിട്ടുണ്ട്.
ഇന്ന് വൈകുന്നേരം സഹോദരനൊപ്പം ട്യൂഷന് പോയ കുട്ടിയെയാണ് കാറിലെത്തിയ സംഘം തട്ടിക്കൊണ്ടുപോയത്. ഒരു സ്ത്രീയും മൂന്നു പുരുഷന്മാരുമാണ് കാറിലുണ്ടായിരുന്നത്.