നയന സൂര്യയുടെ മരണം: കാണാതായ വസ്തുകൾ കണ്ടെത്തി
Wednesday, January 25, 2023 5:42 PM IST
തിരുവനന്തപുരം: സിനിമ സംവിധായിക നയന സൂര്യയുടെ മരണത്തിനു പിന്നാലെ പോലീസ് കസ്റ്റഡിയിലെടുത്ത വസ്തുകൾ കണ്ടെത്തി. ബെഡ് ഷീറ്റും തലയണയും വസ്ത്രങ്ങളുമാണ് കണ്ടെത്തിയത്. നേരത്തെ ഇവ കാണാതായത് വലിയ വിവാദമായിരുന്നു.
മ്യൂസിയം പോലീസ് സ്റ്റേഷനിലെ സാധനങ്ങൾ കൂട്ടിയിട്ടിരുന്നിടത്ത് നിന്നാണ് ഇവ കണ്ടെത്തിയത്. നയനയുടെ മൃതദേഹത്തിൽ നിന്നുമെടുത്ത വസ്ത്രങ്ങൾ ഇപ്പോഴും കണ്ടെത്തിയില്ല.
ക്രൈംബ്രാഞ്ച് ആവശ്യപ്രകാരം നടത്തിയ പരിശോധനയിലാണ് വസ്ത്രങ്ങൾ കണ്ടെത്തിയത്. നയനയുടെ ചുരിദാർ, അടിവസ്ത്രം, തലയണ ഉറ, പുതപ്പ് എന്നിവയാണ് കാണാതായത്. ഇവ ആര്‍ഡിഒ കോടതി മ്യൂസിയം പോലീസിനെ സൂക്ഷിക്കാൻ കൈമാറിയതായിരുന്നു.
2019 ഫെബ്രുവരി 23 ന് രാത്രിയാണ് തിരുവനന്തപുരം ആൽത്തറ ജംഗ്ഷനിലെ വാടക വീട്ടിൽ നയനയെ മരിച്ച നിലയിൽ കണ്ടെത്തിയത്. തെളിയിക്കപ്പെട്ടാത്ത കേസായി മ്യൂസിയം പോലീസ് റിപ്പോർട്ട് നൽകിയിരുന്നു. കഴുത്തിനേറ്റ പരിക്കാണ് മരണ കാരണമെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്തുവന്നതോടെയാണ് സംഭവത്തിൽ ദുരൂഹത കൂടിയത്. പോലീസിന്റെ പ്രാഥമിക അന്വേഷണത്തിൽ ഗുരുതരവീഴ്ച സംഭവിച്ചുവെന്ന് പിന്നീട് കണ്ടെത്തിയിരുന്നു.