ഭൗതിക ശാസ്ത്ര നോബെൽ മൂന്നു പേർക്ക്; പുരസ്കാരം ക്വാണ്ടം മെക്കാനിക്സിലെ സംഭാവനകൾക്ക്
Tuesday, October 4, 2022 3:52 PM IST
സ്റ്റോക്കോം: ഭൗതിക ശാസ്ത്രത്തിനുള്ള നൊബേല്‍ പുരസ്കാരം പ്രഖ്യാപിച്ചു. മൂന്നുപേർ ചേർന്നാണ് ഇത്തവണത്തെ പുരസ്കാരം പങ്കിടുന്നത്. അലൈന്‍ ആസ്പെക്ട്, ജോണ്‍ എഫ് ക്ലോസര്‍, ആന്റണ്‍ സെയ്ലിംഗര് എന്നിവര്‍ക്കാണ് പുരസ്കാരം.
ക്വാണ്ടം മെക്കാനിക്സിലെ സംഭാവന കണക്കിലെടുത്താണ് പുരസ്കാരം. സ്റ്റോക്കോമിലെ റോയൽ സ്വീഡിഷ് അക്കാഡമി ഓഫ് സയൻസസ് ആണ് പുരസ്കാരം പ്രഖ്യാപിച്ചത്.
കഴിഞ്ഞ വർഷം സ്യുകുറോ മനാബെ, ക്ലൗസ് ഹാസ്സെൽമാൻ, ഗിയോർജിയോ പാരിസി തുടങ്ങിയവർക്കായിരുന്നു പുരസ്കാരം. വൈദ്യശാസ്ത്ര നൊബേൽ പുരസ്കാരം സ്വീഡിഷ് ശാസ്ത്രജ്ഞനായ സ്വാന്റെ പേബുവിനാണ്.
ബുധനാഴ്ച രസതന്ത്ര നൊബേലും വ്യാഴാഴ്ച സാഹിത്യത്തിനുള്ള നൊബേലും പ്രഖ്യാപിക്കും. സമാധാന നൊബേൽ പുരസ്കാരം വെള്ളിയാഴ്ചയും സാമ്പത്തികശാസ്ത്രത്തിനുള്ള പുരസ്കാരം ഒക്ടോബർ പത്തിനുമാണ് പ്രഖ്യാപിക്കുക.