ഷാന്‍ വധക്കേസ്: കുറ്റപത്രം സ്വീകരിക്കരുതെന്ന പ്രതികളുടെ ഹര്‍ജി കോടതി തള്ളി
Monday, February 26, 2024 12:41 PM IST
ആലപ്പുഴ: എസ്ഡിപിഐ നേതാവായ ഷാന്‍ കൊല്ലപ്പെട്ട കേസില്‍ കുറ്റപത്രം സ്വീകരിക്കരുതെന്ന പ്രതികളുടെ ഹര്‍ജി കോടതി തള്ളി. ആലപ്പുഴ ജില്ലാ സെഷന്‍സ് കോടതിയുടേതാണ് നടപടി.
കുറ്റകൃത്യം നടന്ന സ്ഥലത്തെ എസ്എച്ച്ഒ അല്ല കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചതെന്ന് കാട്ടിയാണ് പ്രതിഭാഗം കോടതിയെ സമീപിച്ചത്. കേസ് അന്വേഷിച്ചതും കുറ്റപത്രം നല്കിയതും ക്രൈംബ്രാഞ്ച് ഡിവൈഎസ്പിയാണ്. ഇത് നിയമപരമായി നിലനില്‍ക്കില്ലെന്നും കുറ്റപത്രം മടക്കിനില്കണമെന്നും ആവശ്യപ്പെട്ടായിരുന്നു ഹര്‍ജി.
എന്നാല്‍ ഡിജിപിയോ ജില്ലാ പോലീസ് മേധാവിയോ ചുമതലപ്പെടുത്തുന്ന ഏത് ഉദ്യോഗസ്ഥനും കേസ് അന്വേഷിക്കാമെന്ന് പ്രോസിക്യൂഷന് കോടതിയില്‍ വാദിച്ചു. ക്രൈബ്രാഞ്ച് ഡിവൈഎസ്പിയെ അന്വേഷണ ഉദ്യോഗസ്ഥനായി നിയമിച്ചുകൊണ്ട് ഡിജിപിയുടെ ഉത്തരവ് ഇറങ്ങിയിട്ടുണ്ട്.
നിര്‍ണായകമായ ചില കേസുകളില്‍ പ്രത്യേക അന്വേഷസംഘം രൂപീകരിക്കുന്നത് പതിവാണ്. അതുകൊണ്ട് പ്രതികളുടെ ആവശ്യം തള്ളണമെന്ന പ്രോസിക്യൂഷന്റെ വാദം കോടതി അംഗീകരിക്കുകയായിരുന്നു.
2021 ഡിസംബർ 18ന് രാത്രിയാണ് ഷാൻ കൊല്ലപ്പെട്ടത്. വീട്ടിലേയ്ക്ക് പോകുന്നതിനിടെ കാറിലെത്തിയ സംഘം ഷാനിനെ വെട്ടിവീഴ്ത്തുകയായിരുന്നു. നാൽപ്പതിലധികം വെട്ടേറ്റ ഷാനിന്റെ കഴുത്തിലേറ്റ വെട്ടായിരുന്നു മരണകാരണം.