വേലി തന്നെ വിളവ് തിന്നുന്നു;യുപിയില്‍ യുവതിക്കും പ്രതിശ്രുത വരനും പോലീസുകാരില്‍നിന്നും നേരിടേണ്ടിവന്നത്...
Monday, October 2, 2023 1:46 PM IST
ലക്നോ: ഉത്തര്‍പ്രദേശ് പോലീസിനെതിരേ യുവതിയുടെ പീഡന പരാതി. ഗ്രേറ്റര്‍ നോയിഡയില്‍ നിന്നുള്ള 22 വയസുകാരിയാണ് പോലീസുകാർക്കതിരേ ഗുരുതര ആരോപണവുമായി രംഗത്തെത്തിയത്.
സെപ്റ്റംബര്‍ 16ന് ആണ് കേസിനാസ്പദമായ സംഭവം. ബുലംഗ്ഷഹര് നിവാസിയായ യുവതിയും പ്രതിശ്രുത വരനും ഗാസിയാബാദിലെ സായ് ഉപവന്‍ പാര്‍ക്കില്‍ ഇരിക്കുമ്പോള്‍ പോലീസുകാരായ രാകേഷ് കുമാറും ദിഗംബര്‍ കുമാറും മറ്റൊരാളും ഇവര്‍ക്കരികില്‍ എത്തി. ഇവരെ ചോദ്യംചെയ്ത പോലീസുകാര്‍ പിന്നീട് 10,000 രൂപ ആവശ്യപ്പെട്ടു.
ഇതിന് തയാറാകാഞ്ഞ യുവതിയോട് അഞ്ചര ലക്ഷം രൂപ നല്‍കിയില്ലെങ്കില്‍ ഗുരുതരമായ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടിവരുമെന്നും പ്രതിശ്രുത വരനെ ജയിലിലേക്ക് അയയ്ക്കുമെന്നും ഭീഷണിപ്പെടുത്തി. മാനസിക പീഡനം തുടര്‍ന്ന പോലീസുകാരുടെ കാല്ക്കാല് യുവതിയും പ്രതിശ്രുത വരനും വീണിട്ടും ഇവര്‍ പിന്മാറിയില്ല.
പോലീസുകാര്‍ തന്നെ തല്ലിയതായും രാകേഷ് കുമാര്‍ ലൈംഗിക വേഴ്ചയ്ക്ക് നിര്‍ബന്ധിച്ചതായും യുവതി പറയുന്നു. ഏകദേശം മൂന്നുമണിക്കൂറോളം ബന്ധികളാക്കിയ ശേഷമാണ് തങ്ങളെ വിട്ടയച്ചതെന്നും പരാതിയിലുണ്ട്.
പിന്നീട് ഫോണിലൂടെ പോലീസുകാര്‍ ശല്യം തുടര്‍ന്നു.കൂടാതെ വീട്ടിലെത്തുകയും ചെയ്തു. കഴിഞ്ഞമാസം 19ന് രാകേഷ് കുമാര്‍ യുവതിയെ ശല്യപ്പെടുത്താന്‍ വിളിച്ചത് അവര്‍ റിക്കാര്‍ഡ് ചെയ്യുകയുണ്ടായി.
എന്നാൽ തങ്ങൾക്കെതിരേ യുവതി പരാതി നൽകുമെന്ന് മനസിലാക്കിയ രാകേഷ് നേരിട്ടെത്തി അവരെ ഭീഷണിപ്പെടുത്തി.ആകെ ഭയന്ന യുവതി പിന്നീട് 28ന് ആണ് കേസ് ഫയല്‍ ചെയ്തത്. മൂന്ന് പ്രതികളും ഒളിവിലാണെന്നും ഇവരെ കണ്ടെത്താന്‍ സമഗ്ര അന്വേഷണം ആരംഭിച്ചതായും ഗാസിയാബാദ് പോലീസ് അറയിയിച്ചു.