ചൂലില്ല, തോക്കുണ്ട്; പഞ്ചാബിൽ ആയുധങ്ങളുമായി ആപ്പ് പ്രവർത്തകൻ പിടിയിൽ
Wednesday, February 1, 2023 5:44 PM IST
അമൃത്സർ: പഞ്ചാബിലെ ലുധിയാനയിൽ അനധികൃത തോക്കുകളുമായി ആം ആദ്മി പ്രവർത്തകൻ പിടിയിലായി. മലൗഡ് സ്വദേശിയായ ദീപക് ഗോയൽ ആണ് പിടിയിലായത്.
ഗോയലിന്റെ പക്കൽ നിന്ന് അഞ്ച് .32 പിസ്റ്റളുകൾ പിടികൂടി. പ്രദേശത്തെ പഞ്ചായത്ത് നേതാവുമായി ശത്രുതയിലായിരുന്ന ഗോയൽ, സ്വയരക്ഷയ്ക്കായും ആവശ്യമെങ്കിൽ ഇയാളെ ആക്രമിക്കാനുമാണ് ആയുധങ്ങൾ സൂക്ഷിച്ചിരുന്നതെന്ന് പോലീസ് അറിയിച്ചു.
ജനുവരി 26-ന് ആയുധങ്ങളുമായി പിടിയിലായ ആകാശ്ദീപ് സിംഗ് എന്നയാൾ നൽകിയ വിവരങ്ങളനുസരിച്ചാണ് ഗോയലിന്റെ വസതിയിൽ പോലീസ് റെയ്ഡ് നടത്തിയത്. അരിമില്ലുകളടക്കം നിരവധി വ്യവസായശാലകളുടെ ഉടമയായ ഗോയൽ, 2022-ലെ നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പാണ് ശിരോമണി അകാലിദൾ വിട്ട് ആപ്പിൽ ചേർന്നത്.