കീബോർഡിൽ ടൈപ്പ് ചെയ്യുന്ന ശബ്ദം മതി പാസ്‌വേർഡ് ചോരാൻ! പഠനവുമായി ​എഐ ​ഗവേഷകർ
കീബോർഡിൽ ടൈപ്പ് ചെയ്യുന്ന ശബ്ദം മതി പാസ്‌വേർഡ് ചോരാൻ! പഠനവുമായി ​എഐ ​ഗവേഷകർ
Thursday, August 17, 2023 8:07 PM IST
വെബ് ഡെസ്ക്
ലണ്ടൻ: പാസ്‌വേർഡ് ഉപ‌യോ​ഗിക്കാത്തവരായി ആരുമില്ല. കമ്പ്യൂട്ടറിൽ പാസ്‌വേർഡ് അടിക്കുമ്പോൾ അടുത്താരുമില്ലെന്ന് ഉറപ്പാക്കിയാലും നിങ്ങൾ പോലും അറിയാതെ ഇത് ചോരാനുള്ള സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് തരികയാണ് ആർട്ടിഫിഷ്യൽ ഇന്‍റലിജൻസിൽ ​ഗവേഷണം ചെയ്യുന്ന വിദ​ഗ്ധർ.

കമ്പ്യൂട്ടറിന്‍റെ കീബോർഡിൽ പാസ്‌വേർഡ് ടൈപ്പ് ചെയ്യുമ്പോൾ ഓരോ കീയും അമരുന്ന ശബ്ദം മനസിലാക്കി അത് ഏത് അക്ഷരമാണെന്ന് തിരിച്ചറിയുന്ന സംവിധാനം (എഐ മോഡൽ) ഇപ്പോൾ വികസിപ്പിച്ചിട്ടുണ്ടെന്നും ഹാക്കർമാർ ഇതുപയോ​ഗിച്ച് നിങ്ങളുടെ പാസ്‌വേർഡ് മോഷ്ടിച്ചേക്കുമെന്നും ഇവർ പറയുന്നു.

നിങ്ങൾ കീബോർഡിൽ പാസ്‌വേർഡ് ക്ലിക്ക് ചെയ്യുന്നത് വീഡിയോ കൺഫറൻസിംഗിന് ഇടയിലാണെങ്കിൽ പോലും ടൈപ്പിം​ഗ് ശബ്ദം റെക്കോർഡ് ചെയ്ത് പാസ്‌വേർഡ് ചോർത്തിയെടുക്കാനും പുതിയ എഐ അധിഷ്ഠിത സംവിധാനത്തിന് സാധിക്കുമെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു.


സൂം പ്ലാറ്റ്ഫോമുകൾ ഉൾപ്പടെയുള്ളവയിലൂ‌ടെ ഇത്തരം പാസ്‌വേർഡ് മോഷണങ്ങൾ നടക്കുന്നുണ്ടെന്നും ​വിദ​ഗ്ധർ നടത്തിയ പഠനം വ്യക്തമാക്കുന്നുണ്ട്. ദുർഹം, സറെ, റോയൽ ഹോളോവേ എന്നീ സർവകലാശാലകളിൽ നിന്നുള്ള ​ഗവേഷകരാണ് പഠനം നടത്തിയത്.

ഇത്തരത്തിൽ കീബോർഡിലെ ടൈപ്പിം​ഗ് ശബ്ദം റെക്കോർ‍ഡ് ചെയ്ത് അത് ഏത് അക്ഷരങ്ങളാണെന്ന് തിരിച്ചറിയാനായി ​ഗവേഷകർ തന്നെ തയാറാക്കിയ എഐ മോഡൽ 90 ശതമാനം കൃത്യത കാണിച്ചുവെന്നും പഠനറിപ്പോർട്ടിലുണ്ട്.

വളരെ പരന്നതും താരതമ്യേന അധികം ശബ്ദം പുറത്തേക്ക് കേൾക്കാത്തതുമായ കീബോർഡുള്ള മാക്ക് ബുക്ക് പ്രോ ലാപ്ടോപ്പിൽ നിന്നും വരെ "ടൈപ്പിം​ഗ് സൗണ്ട്' റെക്കോർഡ് ചെയ്ത് പാസ്‌വേർഡ് മനസിലാക്കിയെന്നും ​ഗവേഷകർ പറയുന്നു. എഐ ഉപയോ​ഗിച്ച് പുതിയ രീതിയിലുള്ള തട്ടിപ്പുകൾ ഉണ്ടാകാമെന്നതിന്‍റെ സൂചന കൂടിയാണിതെന്നും പഠന റിപ്പോർട്ടിലുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<