പാക് സൈന്യം പിടികൂടിയ ബിഎസ്എഫ് ജവാനെ മോചിപ്പിച്ചു
Wednesday, May 14, 2025 11:40 AM IST
ന്യൂഡല്‍ഹി: പഞ്ചാബിലെ ഫിറോസ്പൂരില്‍ അതിര്‍ത്തി കടന്നെന്ന് ആരോപിച്ച് പാക്കിസ്ഥാന് സൈന്യം പിടികൂടിയ ബിഎസ്എഫ് ജവാനെ മോചിപ്പിച്ചു. 82 ബറ്റാലിയനിലെ കോണ്‍സ്റ്റബിളായ ബംഗാള്‍ സ്വദേശി പൂര്‍ണം കുമാര്‍ സാഹുവിനെ ആണ് മോചിപ്പിച്ചത്. ഇന്ന് രാവിലെ പാക്കിസ്ഥാന് സാഹുവിനെ ഇന്ത്യയ്ക്ക് കൈമാറിയെന്ന് സൈന്യം അറിയിച്ചു.
കഴിഞ്ഞ ഏപ്രില്‍ 23-നാണ് കര്‍ഷകര്‍ക്ക് സുരക്ഷയൊരുക്കാന്‍ പോയപ്പോള്‍ അബദ്ധത്തില്‍ അന്താരാഷ്ട്ര അതിര്‍ത്തി കടന്ന സാഹുവിനെ പാക് സൈന്യം പിടികൂടിയത്. പാക്കിസ്ഥാനിലേക്ക് അനധികൃതമായി കയറിയെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു അറസ്റ്റ്.
പഹല്‍ഗാം ആക്രമണത്തിന് പിന്നാലെയായിരുന്നു സംഭവം. ഇതോടെ പിന്നീട് ഇന്ത്യ തിരിച്ചടിക്കാതിരിക്കാനുള്ള കവചമായി സാഹുവിനെ ഉപയോഗപ്പെടുത്താനും പാക്കിസ്ഥാന് ശ്രമിച്ചിരുന്നു.
എന്നാല്‍ കഴിഞ്ഞ ദിവസം ഡിജിഎംഒമാര്ക്കിടയിലുണ്ടായ ചര്‍ച്ചയില്‍ സാഹുവിന്റെ മോചനം ഇന്ത്യ ശക്തമായി ഉന്നയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ത്യയുടെ സമ്മര്‍ദത്തിന് വഴങ്ങി സാഹുവിനെ പാക്കിസ്ഥാന് മോചിപ്പിച്ചത്.