ഐജിമാരുടെ എതിർപ്പിൽ വഴങ്ങി; ഐപിഎസ് ഉന്നതരുടെ സ്ഥലംമാറ്റത്തിൽ തിരുത്തുമായി സർക്കാർ
Saturday, May 17, 2025 10:34 PM IST
തിരുവനന്തപുരം: സംസ്ഥാനത്തെ ഐപിഎസ് ഉന്നതരുടെ സ്ഥലംമാറ്റത്തിൽ തിരുത്തുമായി സർക്കാർ. ജയിൽ മേധാവി സ്ഥാനത്തു നിന്നും മാറ്റിയ ബൽറാം കുമാർ ഉപാധ്യായയെ തിരികെ നിയമിച്ചു.
എക്സൈസ് കമ്മീഷണറായുള്ള എം.ആർ അജിത് കുമാറിന്റെ സ്ഥലം മാറ്റവും റദ്ദാക്കി. ബറ്റാലിയൻ എഡിജിപിയുടെ ചുമതല നൽകിയതോടെ അജിത് കുമാർ പോലീസിൽ തന്നെ തത്കാലം തുടരും. കഴിഞ്ഞ പ്രാവശ്യം ഇറക്കിയ ഉത്തരവിൽ ഐജിമാർ അതൃപ്തി പ്രകടിപ്പിച്ചതോടെയാണ് സ്ഥലംമാറ്റത്തിൽ സർക്കാർ തിരുത്ത് വരുത്തിയത്.
അതേസമയം എംആർ അജിത് കുമാറിനെ എക്സൈസ് തലപ്പത്ത് എത്തിച്ചതിൽ വകുപ്പ് മന്ത്രിയായ എംബി രാജേഷിനും എതിർപ്പുണ്ടായിരുന്നുവെന്ന് സൂചനയുണ്ട്. അദ്ദേഹം തൻ്റെ എതിർപ്പ് പാർട്ടി നേതൃത്വത്തെ അറിയിച്ച് അജിത് കുമാറിനെ മാറ്റാൻ ആവശ്യപ്പെട്ടിരുന്നതായാണ് സൂചന.
ഇതിന് പുറമെ സേതുരാമനെ ജയിൽ മേധാവിയായി നിയമിച്ചതിൽ പോലീസ് തലപ്പത്തെ പലർക്കും അതൃപ്തിയുണ്ടായിരുന്നു.