ചാമ്പ്യൻസ് ലീഗ്; പിഎസ്ജിക്ക് കന്നിക്കിരീടം
Sunday, June 1, 2025 3:14 AM IST
മ്യൂണിക്ക്: യുവേഫ ചാമ്പ്യൻസ് ലീഗ് കിരീടത്തിന് ഇനി പുതിയ അവകാശികൾ. ഇന്റർ മിലാനെ മറുപടിയില്ലാത്ത അഞ്ചു ഗോളുകൾക്ക് തകർത്താണ് പിഎസ്ജി കന്നികിരീടത്തിൽ മുത്തമിട്ടത്.
മ്യൂണിക്കിലെ അലിയാൻസ് അരീനയിൽ നടന്ന മത്സരത്തിൽ അച്റഫ് ഹക്കിമി (12-ാം മിനിറ്റ്), ഡിസൈർ ഡുവോ (20,63), ക്വിച്ച ഖ്വാരസ്കേലിയ (73), സെന്നി മയൂലു (86) എന്നിവരാണ് പിഎസ്ജിക്കായി എതിരാളികളുടെ വലകുലുക്കിയത്. തുടക്കം മുതൽ ആക്രമണം മാത്രം ലക്ഷ്യമാക്കി കളിച്ച പിഎസ്ജി 12-ാം മിനിറ്റിൽ ലക്ഷ്യം കണ്ടു.
എന്നാൽ ചില അവസരങ്ങളിൽ പിഎസ്ജിയുടെ ഗോൾ മുഖത്തേക്ക് ഇന്റർ മിലാൻ ചില മിന്നലാക്രമണങ്ങൾ നടത്തിയെങ്കിലും ഗോൾമാത്രം പിറന്നില്ല. ഇതോടെ ഇന്റർ മിലാന്റെ നാലാംകിരീടമെന്ന സ്വപ്നമാണ് പൊലിഞ്ഞത്.