തെലങ്കാന മന്ത്രിസഭ വികസിപ്പിച്ചു; മൂന്ന് മന്ത്രിമാർ സത്യപ്രതിജ്ഞ ചെയ്തു
Sunday, June 8, 2025 8:06 PM IST
ഹൈദരാബാദ്: തെലങ്കാനയില്‍ പുതുതായി മൂന്ന് മന്ത്രിമാരെ ഉള്‍പ്പെടുത്തി മന്ത്രിസഭാ വികസനം നടന്നു.
ദളിത്, പിന്നാക്ക വിഭാഗങ്ങളില്‍ നിന്നുള്ള മൂന്ന് എംഎല്‍എമാരെ മന്ത്രിയാക്കിയാണ് രേവന്ത് റെഡ്ഡിയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് മന്ത്രിസഭാ വികസനം നടന്നത്.
തെലങ്കാനയുടെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി മീനാക്ഷി നടരാജനുമായി നടന്ന കൂടിയാലോചനകള്‍ക്ക് ശേഷമാണ് പുതിയ മന്ത്രിമാരെ പ്രഖ്യാപിച്ചത്.
അടലൂരി ലക്ഷ്മണ് കുമാര്‍, ഗദ്ദം വിവേക് വെങ്കട്ടസ്വാമി, വൈകിതി ശ്രീഹരി എന്നിവരാണ് ഞായറാഴ്ച ഉച്ചക്ക് ശേഷം മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തത്.
പട്ടികജാതി വിഭാഗങ്ങളായ മാഡിഗ, മാല എന്നിവയില്‍ നിന്നും പിന്നാക്ക വിഭാഗത്തില്‍ പെടുന്ന മുദിരാജ് സമുദായത്തില്‍ നിന്നും ഉള്ളവരാണ് പുതിയ മന്ത്രിമാര്‍.
കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തിന്റെ സാമൂഹ്യനീതി രാഷ്ട്രീയ സങ്കല്‍പ്പത്തിന്റെ ഭാഗമായാണ് മന്ത്രിമാരുടെ തെരഞ്ഞെടുപ്പെന്ന് പല നേതാക്കളും ചൂണ്ടിക്കാട്ടി.
പുതിയ മന്ത്രിമാര്‍ വന്നതോടെ രേവന്ത് റെഡ്ഡി മന്ത്രിസഭയിലെ ആകെ മന്ത്രിമാരുടെ എണ്ണം 15 ആയി. മൂന്ന് മന്ത്രിമാരുടെ ഒഴിവ് കൂടി ഇനിയും നികത്താനുണ്ട്.