കപ്പലിന് തീപിടിച്ച സംഭവം; കാണാതായ നാലുപേരെ കണ്ടെത്താനുള്ള ശ്രമം തുടരുന്നു
Monday, June 9, 2025 10:03 PM IST
കോഴിക്കോട്: സമുദ്രാതിർത്തിയിൽ തീപിടിച്ച വാൻ ഹായ് 503 കപ്പലിൽ നിന്നും കാണാതായ നാലുപേരെ കണ്ടെത്താനുള്ള ശ്രമം രാത്രിയിലും തുടരുന്നു.
കോസ്റ്റ് ഗാര്‍ഡിന്റെ അഞ്ച് കപ്പലുകളും നാവികസേനയുടെ ഒരു കപ്പലുമാണ് ഇപ്പോള്‍ രക്ഷാദൗത്യത്തിലുള്ളത്. അപകടം സംഭവിച്ച വാന്‍ഹായ് 503 കപ്പലിന് സമീപം ഐഎന്‍എസ് സത്ലജ് ഉണ്ട്.
നേരത്തേ പോയ ഐഎന്‍എസ് സൂറത്ത് എന്ന കപ്പല്‍ ചരക്കുകപ്പലിലുണ്ടായിരുന്ന 18 ജീവനക്കാരെയും രക്ഷപ്പെടുത്തി മംഗളൂരു തീരത്തേക്ക് പുറപ്പെട്ടു.
അതേസമയം, കപ്പൽ പൂർണമായും കത്തിയ നിലയിലാണ്. കപ്പലിൽനിന്നുള്ള കണ്ടെയ്നറുകള്‍ കടലില്‍ ഒഴുകിനടക്കുന്നതിനാല്‍ കോസ്റ്റ് ഗാര്‍ഡ് കപ്പലുകള്‍ക്ക് അപകടത്തില്‍പ്പെട്ട കപ്പലിനടുത്തേക്ക് എത്താന്‍ കഴിയാത്തത് തീ നിയന്ത്രിക്കുന്നതിന് തടസമാകുന്നു.
തീ ആളിക്കത്തുന്നതോടൊപ്പം കണ്ടെയ്നറുകള്‍ പൊട്ടിത്തെറിക്കുന്നതും വെല്ലുവിളി സൃഷ്ടിക്കുന്നുണ്ട്.