അൻവറിനായി നിലന്പൂരിലെ ക്രീസിൽ യൂസഫ് പഠാൻ ഇറങ്ങുന്നു
Tuesday, June 10, 2025 2:18 AM IST
മലപ്പുറം: നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ പി.വി. അൻവറിന്റെ പ്രചാരണത്തിനായി ക്രിക്കറ്റ് താരവും തൃണമൂൽ കോൺഗ്രസ് നേതാവുമായ യൂസഫ് പഠാൻ എത്തുന്നു. ജൂൺ 15 ഞായറാഴ്ച യൂസുഫ് പഠാൻ എത്തുമെന്നാണ് തൃണമൂൽ കോൺഗ്രസ് ദേശീയ നേതൃത്വം സംസ്ഥാന നേതാക്കളെ അറിയിച്ചിരിക്കുന്നത്.
പശ്ചിമ ബംഗാളിലെ ബഹാറംപൂർ മണ്ഡലത്തിൽനിന്നുള്ള ലോക്സഭാ എംപിയാണ് യൂസുഫ് പഠാൻ. കോൺഗ്രസിന്റെ ലോക്സഭാ കക്ഷി നേതാവായിരുന്ന അധിർ രഞ്ജൻ ചൗധരിയെ പരാജയപ്പെടുത്തിയാണ് യൂസുഫ് പഠാൻ പാർലമെന്റിലെത്തിയത്.
റോഡ് ഷോ അടക്കം നടത്തി യൂസുഫ് പഠാന്റെ വരവ് കൊഴുപ്പിക്കാനാണ് അൻവർ അനുയായികളുടെ നീക്കം.