മഴ തുടരുന്നു; റവന്യൂ ഉദ്യോഗസ്ഥരുടെ അവധി റദ്ദാക്കി
Thursday, June 26, 2025 9:59 PM IST
തിരുവനന്തപുരം : കനത്ത മഴ തുടരുന്നതിനാൽ അടുത്ത മൂന്ന് ദിവസം സംസ്ഥാനത്തെ റവന്യൂ ഉദ്യോഗസ്ഥർക്ക് അവധി അനുവദിക്കില്ല. റവന്യൂ ഉദ്യോഗസ്ഥർ ഡ്യൂട്ടിയിൽ നിയോഗിക്കപ്പെട്ട സ്ഥലങ്ങളിലോ അധികാരപരിതിക്കുള്ളിലോ ക്യാമ്പ് ചെയ്യണമെന്നും റവന്യൂ കമ്മീഷണർ ഉത്തരവിട്ടു.
നിലവിൽ 31 ദുരിതാശ്വാസ ക്യാമ്പുകൾ ആരംഭിച്ചതായി മന്ത്രി കെ.രാജൻ അറിയിച്ചു. മലയോരമേഖലകളിൽ മഴയും കാറ്റും ശക്തമാക്കാൻ സാധ്യതയുണ്ട്. ഇടുക്കി ജില്ലയിലാണ് ഈ ദിവസങ്ങളിൽ അതീവശ്രദ്ധ ആവശ്യമുള്ളത്. 203 മുതൽ 213 വരെ മില്ലിമീറ്റർ മഴ ഇടുക്കിയിലെ വിവിധ സ്ഥലങ്ങളിൽ ലഭിക്കുന്നുണ്ട്.
മൂന്നാർ മുല്ലപ്പെരിയാർ മേഖലകളിൽ പ്രത്യേക ശ്രദ്ധ ആവശ്യമുണ്ടെന്നാണ് വിലയിരുത്തൽ. ചുരുങ്ങിയ കാലത്തിനിടയിൽ കൂടുതൽ മഴ ലഭിക്കുന്ന സ്ഥിതിയുണ്ടെന്നും ജാഗ്രത പാലിക്കണമെന്നും മന്ത്രി വ്യക്തമാക്കി.