ആര്യനാട് ഭാര്യയെ ക്രിക്കറ്റ് ബാറ്റ് കൊണ്ട് തലയ്ക്കടിച്ച് പരിക്കേൽപ്പിച്ച സംഭവം; ഭർത്താവ് അറസ്റ്റിൽ
Friday, July 4, 2025 1:40 AM IST
തിരുവനന്തപുരം: ആര്യനാട് ഭാര്യയെ ക്രിക്കറ്റ് ബാറ്റ് കൊണ്ട് തലയ്ക്കടിച്ച് പരിക്കേൽപ്പിച്ച സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ. ആര്യനാട് പുതുകുളങ്ങര സ്വദേശി ഹക്കീം ആണ് അറസ്റ്റിലായത്.
കഴിഞ്ഞ തിങ്കളാഴ്ച രാവിലെയായിരുന്നു സംഭവം. മദ്യപിച്ച് വീട്ടിലെത്തിയ ഹക്കീം ഭാര്യ സെലീനയുമായി വാക്കുതർക്കത്തിലേർപ്പെടുകയും പിന്നാലെ വീട്ടിലുണ്ടായിരുന്ന ക്രിക്കറ്റ് ബാറ്റ് ഉപയോഗിച്ച് തലയിലും മുഖത്തും അടിക്കുകയുമായിരുന്നു.
മർദനത്തിൽ കണ്ണിനും തലയ്ക്കും ഗുരുതരമായി പരിക്കേറ്റ സെലീന തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. നാട്ടുകാരും ബന്ധുക്കളും ചേർന്നാണ് സെലീനയെ ആശുപത്രിയിൽ എത്തിച്ചത്.
പിന്നാലെ സെലീനയുടെ ബന്ധുക്കൾ ഹക്കീമിനെതിരെ ആര്യനാട് പൊലീസിൽ പരാതി നൽകി. പരാതി നൽകിയതോടെ ഒളിവിൽ പോയ ഹക്കീമിനായി പോലീസ് തെരച്ചിൽ നടത്തി വരികയായിരുന്നു. കഴിഞ്ഞ ദിവസം രാവിലെയാണ് ഇയാളെ പോലീസ് പിടികൂടിയത്.
ഹക്കീമിനെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ഇയാൾക്കെതിരെ വധശ്രമമടക്കമുള്ള വകുപ്പുകൾ ചുമത്തിയിട്ടുണ്ട്. കേസിൽ വിശദമായ അന്വേഷണം നടക്കുമെന്ന് ആര്യനാട് പോലീസ് അറിയിച്ചു.