പുതുക്കാട് നവജാതശിശുക്കളുടെ കൊലപാതകം: പ്രതികൾ കസ്റ്റഡിയിൽ
Saturday, July 5, 2025 6:38 PM IST
തൃശൂർ: പുതുക്കാട് നവജാതശിശുക്കളുടെ കൊലപാതക കേസിലെ പ്രതികളെ പോലിസ് കസ്റ്റഡിയിൽ വിട്ടു. അനീഷയെയും ഭവിനെയും അഞ്ചുദിവസത്തേക്കാണ് അന്വേഷണ സംഘം കസ്റ്റഡിയിൽ വാങ്ങിയത്.
ഇരുവരെയും വിശദമായി ചോദ്യം ചെയ്യും. പ്രതികൾക്ക് മൂന്നാമതൊരു വ്യക്തിയുടെ സഹായം ലഭിച്ചിട്ടുണ്ടോ എന്നതിൽ അന്വേഷണം തുടരും. ഇരുവരെയും വിശദമായി ചോദ്യം ചെയ്യുന്നതിലൂടെ സംഭവത്തിൽ കൂടുതൽ വ്യക്തത വരുത്താൻ ആകും എന്നാണ് നിഗമനം.
ആദ്യത്തെ കൊലപാതകം 2021ലും രണ്ടാമത്തേത് 2024ലുമാണ് നടത്തിയത്. കേസിലെ ഒന്നാം പ്രതി അനീഷയും രണ്ടാം പ്രതിയാണ് ഭവിയുമാണ്.
ഭവിൻ കുഞ്ഞിന്റെ അസ്ഥിയുമായി പോലീസ് സ്റ്റേഷനിൽ കീഴടങ്ങിയതോടെയാണ് കൊലപാതക വിവരം പുറത്തറിയുന്നത്. അനീഷ ഭാവിയിൽ തന്നെ ഒഴിവാക്കിയാൽ കുട്ടികളുടെ അസ്ഥി കാണിച്ച് കുടുംബത്തെ ഭീഷണിപ്പെടുത്താമെന്നായിരുന്നു ഭവിൻ കരുതിയിരുന്നത്.
ഫോൺ എടുക്കാതായതോടെ അനീഷ ചതിച്ചെന്ന ധാരണയിലാണ് യുവാവ് പോലീസ് സ്റ്റേഷനിൽ എത്തി കാര്യങ്ങൾ വെളിപ്പെടുത്തിയത്.
2021 നവംബർ ഒന്നിനാണ് ആദ്യ കൊലപാതകം നടന്നത്. കുട്ടി ജനിച്ചതിന് പിന്നാലെ അനീഷ കുട്ടിയുടെ മുഖം പൊത്തിപിടിച്ച് കൊലപാതകം നടത്തുകയായിരുന്നുവെന്ന് എഫ്ഐആറിൽ പറയുന്നു.
രണ്ടാമത്തെ എഫ്ഐആറിൽ രണ്ടാമത്തെ കുഞ്ഞിനെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം അടുത്ത ദിവസം ഉച്ചവരെ വീട്ടിൽ സൂക്ഷിച്ചുവെന്ന് പറയുന്നു. പിന്നാലെ അനീഷ കുഞ്ഞിന്റെ മൃതദേഹം മുണ്ടിൽ പൊതിഞ്ഞ് സഞ്ചിയിലാക്കി ഭവിന്റെ വീട്ടിലെത്തിച്ച് നൽകി. ഭവിൻ കുഞ്ഞിന്റെ മൃതദേഹം വീടിന്റെ സമീപത്തുള്ള തോട്ടിൽ കുഴിച്ചിട്ടെന്നാണ് എഫ്ഐആറിൽ പറയുന്നത്.