എല്ലാം പഴയപടി: കീം പ്രവേശനത്തിൽ നടപടി തുടങ്ങി സർക്കാർ
Friday, July 11, 2025 9:25 PM IST
തിരുവനന്തപുരം: സംസ്ഥാനത്ത് കീം പ്രവേശനത്തിന് പഴയ ഫോർമുലയിൽ സർക്കാർ നടപടി തുടങ്ങി. വിദ്യാർഥികൾക്ക് 16 വരെ അപേക്ഷിക്കാം. ആദ്യ അലോട്ട്മെന്റ് പട്ടിക 18ന് പ്രസിദ്ധീകരിക്കും.
കേരള എഞ്ചിനിയീറിങ്,ആർകിടെക്ടർ, ഫാർമസി പ്രവേശനത്തിനുളള അടിസ്ഥാന മാനദണ്ഡമായ കീം പരീക്ഷയുടെ 2025 ലെ റാങ്ക് പട്ടിക ഹൈക്കോടതി ഉത്തരവോടെയാണ് അസാധുവായത്. റാങ്ക് പട്ടിക കണക്കാക്കാൻ അവസാന നിമിഷം നടത്തിയ മാറ്റങ്ങൾ നിയമപരമല്ലെന്നാരോപിച്ചാണ് ഒരു കൂട്ടം സിബിഎസ്സി വിദ്യാർഥികൾ നൽകിയ ഹർജിയിലായിരുന്നു ഹൈക്കോടതി നടപടി.
12-ാം ക്ലാസിലെ മാർക്ക്, എൻട്രൻസ് പരീക്ഷയുടെ സ്കോർ, ഒപ്പം വെയിറ്റേജ് എന്നിവ കണക്കാക്കിയാണ് 2011 മുതൽ റാങ്ക് പട്ടിക പ്രസിദ്ധപ്പെടുത്തുന്നത്. കേരള സിലബസ് വിദ്യാർഥികൾക്ക് സിബിഎസ് ഇ വിദ്യാർഥികളേക്കാൾ മാർക്ക് കൂടുതൽ കിട്ടുന്നത് റാങ്ക് ലിസ്റ്റിനെ ബാധിക്കുന്നുവെന്ന ആക്ഷേപം ഒഴിവാക്കാനാണ് വെയിറ്റേജ് ഏർപ്പെടുത്തിയത്.
കണക്ക്, ഫിസിക്സ് , കെമിസ്റ്റ് വിഷയങ്ങളിലെ മാർക്കുകൾ കണക്കാക്കി 1:1:1 എന്ന അനുപാതത്തിലാണ് റാങ്ക് പട്ടിക പ്രസിദ്ധപ്പെടുത്തിയിരുന്നത്. എന്നാൽ ഇത്തവണ ഇത് 5:3:2 എന്ന അനുപാതത്തിലേക്ക് മാറ്റി.