കുർദ് തീവ്രവാദികൾ നിരായുധീകരണം തുടങ്ങി
Saturday, July 12, 2025 1:20 AM IST
ബാഗ്ദാദ്: തുർക്കിയുമായുള്ള ശത്രുത അവസാനിപ്പിച്ച കുർദിസ്ഥാൻ വർക്കേഴ്സ് പാർട്ടി (പികെകെ) തീവ്രവാദ സംഘടന നിരായുധീകരണ നടപടികൾ തുടങ്ങി. ഇന്നലെ ഇറാക്കിൽ നടന്ന ചടങ്ങിൽ സ്ത്രീകളടക്കം മുപ്പതു പോരാളികൾ ആയുധങ്ങൾ കൂട്ടിയിട്ട് തീകൊളുത്തി നശിപ്പിച്ചു. നടപടികളെ തുർക്കി സർക്കാർ സ്വാഗതം ചെയ്തു.
പികെകെയും തുർക്കി സർക്കാരും തമ്മിൽ നാലു പതിറ്റാണ്ടു നീണ്ട സംഘർഷത്തിൽ 40,000 പേർ കൊല്ലപ്പെട്ടിരുന്നു. തുർക്കി ജയിലിൽ കഴിയുന്ന പികെകെ നേതാവ് അബ്ദുള്ള ഒസെലാന്റെ നിർദേശപ്രകാരം സംഘടന മേയിൽ പിരിച്ചുവിടാൻ തീരുമാനിക്കുകയായിരുന്നു. കുർദുകളുടെ അവകാശങ്ങൾക്കായി ജനാധിപത്യ മാർഗങ്ങളിലൂടെ പോരാടാനാണു തീരുമാനം.
ഇന്നലെ വടക്കൻ ഇറാക്കിലെ സുലൈമാനിയ പ്രദേശത്തുള്ള ഒരു ഗുഹയിലാണു നിരായുധീകരണ ചടങ്ങുകൾ നടന്നത്. ഉന്നത കമാൻഡർമാർ അടക്കമുള്ള പികെകെ പോരാളികൾ തോക്കുകളും മറ്റ് ആയുധങ്ങളും കൂട്ടിയിട്ടു കത്തിക്കുകയായിരുന്നു.
തുർക്കി, ഇറാക്ക്, സിറിയ പ്രദേശങ്ങിലെ കുർദ് വംശജർക്കു സ്വതന്ത്രരാജ്യം രൂപവത്കരിക്കാനാണ് പികെകെ സ്ഥാപിതമായത്. പിന്നീട്, ഇതുപേക്ഷിച്ച് തുർക്കിയിലെ കുർദ് മേഖലയ്ക്ക് സ്വയംഭരണം വേണമെന്നാവശ്യപ്പെട്ടു പോരാട്ടം തുടർന്നു. തുർക്കി സേനയുടെ നിരന്തര ആക്രമണത്തിൽ പികെകെ പോരാളികൾക്ക് ഇറാക്കിലേക്ക് പിൻവാങ്ങേണ്ടിവന്നു.
പികെകെ പിരിച്ചുവിട്ട പശ്ചാത്തലത്തിൽ കുർദുകളുടെ ആവശ്യങ്ങൾ അംഗീകരിക്കാൻ തുർക്കി ഭരണകൂടം തയാറാകണമെന്നു ജയിലിൽ കഴിയുന്ന നേതാവ് അബ്ദുള്ള ഒസെലാൻ അടുത്ത ദിവസങ്ങളിൽ അഭ്യർഥിച്ചിരുന്നു.